ഓട്ടോയിൽ യാത്രചെയ്യുന്നതിനിടെ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപണം; യുവാവിനെ തല്ലിക്കൊന്നു

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട കലൈസെല്‍വന്‍ | Photo courtesy: x.com/JaanoJunction
കൊല്ലപ്പെട്ട കലൈസെല്‍വന്‍ | Photo courtesy: x.com/JaanoJunction

ചെന്നൈ: മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വഴിയരികിലെ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന കലൈസെൽവൻ(30) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

കലൈസെൽവൻ മദ്യലഹരിയിലായിരുന്നുവെന്നും ഓട്ടോയിൽ പോകുന്നതിനിടെ വാഹനത്തിൽനിന്ന് റോഡിലൂടെ പോവുകയായിരുന്ന ഒരു സ്ത്രീയുടെ മേൽ ഇയാൾ മൂത്രമൊഴിച്ചെന്നുമാണ് പറയുന്നത്. ഇതേത്തുടർന്ന് സ്ത്രീയും കലൈസെൽവനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇത് സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. തർക്കം രൂക്ഷമായതോടെ നാട്ടുകാരും പ്രശ്‌നത്തിൽ ഇടപെട്ടു. തുടർന്ന് ഇവരെല്ലാം കൂട്ടമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.

മർദനമേറ്റ കലൈസെൽവൻ ബോധരഹിതനായി കുഴഞ്ഞുവീണു. ഉടൻതന്നെ സ്റ്റാൻലി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ആൾക്കൂട്ട ആക്രമണത്തിൽ പങ്കാളികളായവരെ തിരിച്ചറിയുന്നതിനായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനൊടുവിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: A 30-year-old man, Kalaiselvan, was killed by a mob in Chennai., The incident was triggered by an alleged argument over public urination., The victim succumbed to injuries at Stanley Government Hospital., Police are currently reviewing CCTV footage to identify the attackers.