ഭാര്യയെ സംശയം, കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊന്നു; ഭർത്താവിന് വധശിക്ഷ

മഞ്ചേരി: പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. ആദ്യഭാര്യ നരിക്കുനി കുട്ടമ്പൂര്‍ സ്വദേശി റഹീനയെ (30) കൊലപ്പെടുത്തിയ കേസിലാണ് നജ്ബുദ്ദീന് കോടതി വധശിക്ഷ വിധിച്ചത്.
റഹീനയെ നജ്ബുദ്ദീൻ തന്റെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയില്‍ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 36.43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും കൊലപാതകശേഷം മൃതദേഹത്തില്‍നിന്ന് പ്രതി കവര്‍ന്നു. 2017 ജൂലായ് 23-ന് പുലര്‍ച്ചെയായിരുന്നു സംഭവം. കശാപ്പുശാലയില്‍നിന്ന് കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. 2017 ജൂലായ് 25 -നാണ് ഇയാള്‍ അറസ്റ്റിലായത്.
കൊലപാതകത്തിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നതിന് അഞ്ച് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധികതടവും അനുഭവിക്കണം. പിഴസംഖ്യ കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദയ്ക്കു നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് റഹീനയുടെ മകനും മാതാവിനും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി. അലവിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Content Highlights: man killed wife doubting chastity gets capital punishment in parappanangadi malappuram