സ്വവര്‍ഗരതി എതിര്‍ത്തതിന് മുമ്പും കൊലപാതകം, അന്നും ഇര ഇതരസംസ്ഥാന തൊഴിലാളി; ശിക്ഷകഴിഞ്ഞ് ഇറങ്ങിയതോടെ 'മാന്യ'നായി

ചൊവ്വന്നൂര്‍ വാടക ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ മരിച്ചതെന്ന് സംശയിക്കുന്നയാൾ, പ്രതി സണ്ണി
ചൊവ്വന്നൂര്‍ വാടക ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ മരിച്ചതെന്ന് സംശയിക്കുന്നയാൾ, പ്രതി സണ്ണി

ചൊവ്വന്നൂര്‍: വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കൊലപ്പെടുത്തിയ ചെറുവത്തൂര്‍ സണ്ണി നേരത്തേ രണ്ട് വധക്കേസുകളിലെ പ്രതിയാണ്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം 'മാന്യ'നായാണ് നാട്ടില്‍ നടന്നിരുന്നത്. പോലീസിന്റെ സ്ഥിരീകരണമില്ലാതെയാണ് ഇയാളെ തൃശ്ശൂരിലെ വ്യാപാരശാലയില്‍ സുരക്ഷാജീവനക്കാരനാക്കിയത്.

1990-ലാണ് സണ്ണി അമ്മയുടെ അമ്മയെ തലയണകൊണ്ട് മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുന്നത്. അന്ന് മാനസികപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കാര്യമായ ശിക്ഷയൊന്നും ലഭിച്ചില്ല. 2005-ലായിരുന്നു അടുത്ത കൊലപാതകം. ഇതരസംസ്ഥാന തൊഴിലാളിയെ താമസിച്ചിരുന്ന സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുവന്ന് സ്വവര്‍ഗരതിക്ക് പ്രേരിപ്പിക്കുകയായിരുന്നു. വിസമ്മതിച്ചതിനെത്തുടര്‍ന്ന് ക്രൂരമായ രീതിയിലാണ് കൊലപ്പെടുത്തിയത്.

രണ്ടു ദിവസം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. 2007-ല്‍ കോടതി 14 വര്‍ഷത്തേക്ക് ശിക്ഷിച്ചു. 2019-ലാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. പിന്നീട് നാട്ടില്‍ മികച്ച രീതിയില്‍ വസ്ത്രധാരണം നടത്തിയാണ് നടന്നിരുന്നത്. കൈവശം വേദപുസ്തകവും കരുതിയിരുന്നു. ഇതെല്ലാം കാണിച്ചാണ് ചൊവ്വന്നൂരിലെ വാടകക്വാര്‍ട്ടേഴ്സില്‍ മുറിയെടുത്തത്. തൃശ്ശൂരിലെ സ്ഥാപനത്തില്‍ ജോലിയില്ലാത്തപ്പോള്‍ മദ്യപാനം പതിവാണെന്നും പോലീസ് പറഞ്ഞു. നല്ല രീതിയില്‍ നടന്നിരുന്ന സണ്ണിയെ നാട്ടുകാര്‍ ഭയത്തോടെയാണ് കണ്ടിരുന്നത്. സ്വഭാവവൈകൃതത്തില്‍ മാറ്റമുണ്ടായിരുന്നില്ലെന്നും ഇത് ഇടക്കിടെ പ്രകടിപ്പിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. രണ്ടാമത്തെ കൊലപാതകത്തോട് ഏറെ സമാനമായാണ് മൂന്നാമത്തെ കൊലപാതകവും നടത്തിയത്.

പോലീസ് പിടികൂടിയപ്പോള്‍ പല രീതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക് എസ്ഐ പി. രാകേഷിന്റെ നേതൃത്വത്തില്‍ പോലീസ് ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ച് ചോദിച്ചതോടെയാണ് പ്രതി നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്.

Content Highlights: A man with a history of two murder convictions, including one involving a migrant worker, has been arrested for a third homicide after his release from prison. He was reportedly living a seemingly normal life.