സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷിപറഞ്ഞു;യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടകൾ, കൈകൾ അറ്റുതൂങ്ങി

തിരുവനന്തപുരം: കഠിനംകുളത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ (37) ആണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ചിറ്റാറ്റുമുക്കിൽ വെച്ചാണ് അക്രമം നടന്നത്. രണ്ടുപേർ ചേർന്നാണ് ഫെബിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
ഒരുവർഷം മുമ്പ് നടന്ന സംഭവത്തിന്റെ പ്രതികാരം എന്നോണമാണ് ഫെബിനെ ഇന്നലെ ഗുണ്ടാസംഘം ആക്രമിച്ചത്. കാറിന് സൈഡ് കൊടുത്തില്ല എന്നുപറഞ്ഞാണ് കഴിഞ്ഞ വർഷം ഏഴംഗസംഘം ഫെബിന്റെ കൂട്ടുകാരനെ മർദിച്ചത്. അന്ന് കാറിൽ ഒപ്പമുണ്ടായിരുന്ന ഫെബിനായിരുന്നു സംഭവത്തിന്റെ ഒരേയൊരു ദൃക്‌സാക്ഷി.
അന്ന് ഈ സംഭവം കേസായപ്പോൾ സാക്ഷി പറഞ്ഞതിന്റെ വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടിയാണ് ഇപ്പോൾ ഗുണ്ടാസംഘം തന്നെ മർദിച്ചത് എന്നാണ് ഫെബിൻ പറയുന്നത്. അന്നത്തെ കേസിൽ മൂന്നാം പ്രതിയായ വിനോജും ക്ലിന്റൺ എന്ന മറ്റൊരാളും ചേർന്നാണ് ഫെബിനെ ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടയായ പഞ്ചായത്ത് ഉണ്ണിയുടെ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് വിവരം.
ആക്രമണത്തിൽ ഫെബിന്റെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാളുകൊണ്ടുള്ള വെട്ട് തടയാനുള്ള ശ്രമത്തിനിടെ രണ്ട് കൈകൾക്കും ഗുരുതരമായി പരിക്കേറ്റു, ഒരു കൈ അറ്റ് തൂങ്ങിയ നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്നാലെയെത്തി, ക്ലിന്റൺ ഫെബിനെ തുടർച്ചയായി വെട്ടുകയായിരുന്നു.
ഫെബിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്ലാസ്റ്റിക് സർജറി അടക്കമുള്ളവ ചെയ്ത് ഫെബിൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Content Highlights: Victim Febin (37) attacked by a gang in Chittattumukku. The assault was a retaliation for testifying in a case from the previous year. Attackers identified as associates of notorious gang leader Panchayat Unni. Victim sustained severe injuries to the head, neck, and hands. Ongoing medical treatment includes plastic surgery for severe hand injuries.