വീട് വാടകയ്‌ക്കെടുത്ത് വാറ്റ്, പിടിച്ചെടുത്തത് 540 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും; ഒരാൾ അറസ്റ്റിൽ

എക്‌സൈസ് സംഘം പിടിച്ചെടുത്ത കോടയും ചാരായവും വാറ്റ് ഉപകരണങ്ങളും(ഇടത്ത്) പിടിയിലായ ഹരികുമാര്‍(വലത്ത്)
എക്‌സൈസ് സംഘം പിടിച്ചെടുത്ത കോടയും ചാരായവും വാറ്റ് ഉപകരണങ്ങളും(ഇടത്ത്) പിടിയിലായ ഹരികുമാര്‍(വലത്ത്)

നേമം(തിരുവനന്തപുരം): വീട് വാടകയ്‌ക്കെടുത്ത്  ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. പാപ്പനംകോട് എസ്റ്റേറ്റ് ഹൈസ്‌കൂള്‍ റോഡില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന ഹരികുമാര്‍(50)നെയാണ് ശനിയാഴ്ച രാവിലെ പിടികൂടിയത്. വീട്ടില്‍ നിന്നും 540 ലിറ്റര്‍ കോടയും 20 ലിറ്റര്‍ ചാരായവും വാറ്റാന്‍  ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. 

വാറ്റിയ ചാരായം കുപ്പികളിലാക്കിയാണ് വില്‍പ്പന. ഒരു ചാക്ക് ശര്‍ക്കര, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, കന്നാസുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ്. എക്‌സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. കുഞ്ഞുമോന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പ്രേമനാഥന്‍, ഇന്‍സ്‌പെക്ടര്‍ ട്രെയിനികളായ ബിസ്മി, നിഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Content Highlights: man arrested for making illegal arrack in nemom thiruvananthapuram