മാമിയെ കാണാതായിട്ട് 675 ദിവസം; ഫോൺനമ്പറുകൾ നിരീക്ഷണത്തിൽ, അന്വേഷണം വഴിത്തിരിവിൽ

കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ബാലുശ്ശേരി സ്വദേശി ആട്ടൂർ മുഹമ്മദ് എന്ന മാമിയെ (57) കാണാതായ കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിൽ. അടുത്തിടെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ആക്ഷൻ പ്ളാൻ തയ്യാറാക്കി വിവരശേഖരണം തുടങ്ങി.
മാമിയെ കാണാതായിട്ട് 675 ദിവസം തികഞ്ഞ അവസ്ഥയിലാണ് അത്രതന്നെ പഴക്കമുള്ള ചില വിവരങ്ങൾ തേടി സംഘം വീണ്ടും അന്വേഷണം ഊർജിതമാക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുതന്നെ 290 ദിവസങ്ങളായി. അടുത്തിടെ അന്വേഷണസംഘത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റി പകരം നിയമനം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ കോൾ രേഖകളും ഉപയോഗിച്ചുള്ള അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനിടെയാണ് പുതിയൊരു വിവരം ലഭിച്ചത്. നേരത്തേ നടക്കാവ് പോലീസും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചപ്പോൾ ശേഖരിച്ചുവെച്ചിരുന്ന ചില ഫോൺകോൾരേഖകൾ ഈ ഘട്ടത്തിലും ഗുണം ചെയ്യുമെന്നാണ് അറിയുന്നത്.
മാമിയുടെ രണ്ട് മൊബൈൽഫോണുകളും ഒന്നിച്ച് ഓഫായ തലക്കുളത്തൂർ ഭാഗത്തെ വിവിധ മൊബൈൽ ടവറുകളിൽനിന്നെടുത്ത ചില ഫോൺനമ്പറുകളാണ് തെളിവായി മുന്നിലുള്ളത്. 14 മൊബൈൽനമ്പറുകളാണ് പ്രധാനമായും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ മൊബൈൽ നമ്പറുകളുടെ ഉടമകളെ ഉൾപ്പെടെ 200-ലേറെപ്പേരെ ഇതിനകം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുകഴിഞ്ഞു. ഇതിൽ ചിലർ നൽകിയ മൊഴികൾ അവാസ്തവമാണെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയാണ്.
2023 ഓഗസ്റ്റ് 21-ന് അരയിടത്തുപാലത്തെ ഒരു കെട്ടിടത്തിൽനിന്ന് ഒരു വാഹനത്തിൽ കയറി തലക്കുളത്തൂർ ഭാഗത്തേക്കാണ് മാമി പോയത്. അടുത്തദിവസംവരെ തലക്കുളത്തൂർ പ്രദേശത്തുണ്ടായിരുന്ന മാമിയുമായി ഫോണിൽ സംസാരിച്ചപ്പോഴെല്ലാം ഒപ്പം മൂന്നോ അതിലധികമോ ആളുകൾ ഉണ്ടായിരുന്നതായും അവരുടെ ശബ്ദം ഇതിനിടെ കേട്ടിരുന്നതായും വീട്ടുകാർ മൊഴിനൽകിയിട്ടുണ്ട്.
മറ്റൊരു ‘മിസിങ്’ കേസിൽ തുമ്പായി
കാണാതായി എന്ന പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന ‘മിസിങ്’ കേസുകളുടെ അന്വേഷണത്തിൽ സിറ്റി പോലീസ് കൂടുതൽ മികവാർജിച്ചു.
മാമി കേസിൽ ‘ഗോൾഡൻ അവേഴ്സ്’ നഷ്ടപ്പെടുത്തിയെന്ന് സ്വയം വിമർശിക്കുന്ന പോലീസ് അതിനുശേഷം വന്ന എല്ലാ പരാതികളും മണിക്കൂറുകൾകൊണ്ട് അന്വേഷിച്ച് കണ്ടെത്തുന്ന രീതിയിലേക്ക് മാറി. ഈ വിഷയത്തിൽ സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ അമിത താത്പര്യവുമെടുത്തു.
അദ്ദേഹം ചുമതല ഏൽക്കുന്നതിനുമുമ്പ് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ലഭിച്ച ഒരു പരാതിയിലെ അന്വേഷണമാണ് ഇപ്പോൾ ലക്ഷ്യംകണ്ടിരിക്കുന്നത്. കാണാതായ ആളെ കണ്ടെത്തിയില്ലെങ്കിലും അതിനുപിന്നിൽ പ്രവർത്തിച്ചവരെ പോലീസ് വലയിലാക്കിയിട്ടുണ്ട്. അടുത്തദിവസംതന്നെ ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് അറിയുന്നു. മൂന്ന് പ്രതികളാണ് നിലവിൽ പോലീസിന്റെ വലയിലുള്ളത്.
Content Highlights: mami missing case police investigation