പോലീസ് വല്ലാതെ ബുദ്ധിമുട്ടിച്ചു, മാമി തിരോധാനവുമായി ബന്ധമില്ല; ഗുരുവായൂരിൽനിന്ന് രജിത്തിന്റെ സന്ദേശം

മുഹമ്മദ് ആട്ടൂര്‍ (മാമി), രജിത്ത് കുമാറും സുഷാരയും (നടക്കാവ് പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസിലെ ചിത്രം)
മുഹമ്മദ് ആട്ടൂര്‍ (മാമി), രജിത്ത് കുമാറും സുഷാരയും (നടക്കാവ് പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസിലെ ചിത്രം)

കോഴിക്കോട്: ഗുരുവായൂരില്‍നിന്ന് കണ്ടെത്തും മുമ്പ് മാമിയുടെ ഡ്രൈവര്‍ രജിത്ത് കുമാര്‍ വാട്സാപ്പിലയച്ച ശബ്ദസന്ദേശം പുറത്ത്. മാമി തിരോധാനക്കേസ് അന്വേഷണസംഘം വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെന്ന് രജിത്ത് കുമാര്‍ സന്ദേശത്തില്‍ ആരോപിച്ചു. കോഴിക്കോട് നിന്ന് കാണാതായ രജിത്ത് കുമാറിനേയും ഭാര്യ സുഷാരയേയും ഗുരുവായൂരില്‍നിന്നാണ് കണ്ടെത്തിയത്.കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരെന്ന മാമിയുടെ ഡ്രൈവറായിരുന്നു രജിത്ത് കുമാര്‍.

നിലവില്‍ ഗുരുവായൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ് രജിത്ത് കുമാറും ഭാര്യയും. ഇവരെ ഉടനെ കോഴിക്കോട്ടേക്ക് കൊണ്ടുവരും. ഇതിനായി നടക്കാവ് പോലീസ് ഗുരുവായൂരിലേക്ക് തിരിച്ചു. രജിത്തിനേയും ഭാര്യയേയും കാണാനില്ലെന്ന് കാണിച്ച് സുഷാരയുടെ സഹോദരന്‍ സുമല്‍ ജിത്താണ് നടക്കാവ് പോലീസിന് പരാതി നല്‍കിയത്.

'എന്നെ പോലീസ് വല്ലാതെ ബുദ്ധിമുട്ടിച്ചതിന്റെ പേരില്‍ ഞാന്‍ ആത്മഹത്യചെയ്യുകയാണ്. കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ അറിവോടുകൂടിയോ ഞാന്‍ ചെയ്തിട്ടോ അല്ല മാമിയെ കാണാതായത്. ഉണ്ടെങ്കില്‍ എനിക്ക് ഇപ്പോള്‍ പറയാമായിരുന്നു. കേസ് അവസാനിപ്പിക്കരുത്, അന്വേഷണം വിടരുത്. നടക്കാവ് പോലീസിന്റെ അനാസ്ഥയാണ് കേസ് എവിടേയും എത്താതായത്. എന്തുതന്നെയായാലും കേസിന്റെ പിറകേപോകണം. പ്രതികളെ പിടിക്കണം', എന്നായിരുന്നു രജിത്തിന്റെ സന്ദേശം. തന്റെ കുടുംബം തകര്‍ന്നാല്‍ പലര്‍ക്കും സമാധാനം കിട്ടുമെന്നും രജിത്തിന്റെ സന്ദേശത്തിലുണ്ടായിരുന്നു. മാമി കേസ് ആക്ഷന്‍ കൗണ്‍സിലിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശം അയച്ചത്.

രജിത്തും ഭാര്യയും ഗുരുവായൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. മാമി തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യംചെയ്ത സഹോദരിയും ഭര്‍ത്താവും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു സുമല്‍ ജിത്തിന്റെ പരാതി.

Content Highlights: Mami Missing Case; missing driver and his wife found from Guruvayur