4 കൊല്ലത്തെ പ്രണയം, ഒപ്പംവന്നത് ജോലി തേടി; വാക്കുതർക്കത്തിന് പിന്നാലെ ഗംഗയെ കുത്തിക്കൊന്നു, ആദ്യം അറിയിച്ചത് ലോഡ്ജ് ജീവനക്കാരെ

#ന്യൂസ് ഡെസ്ക്
Photo: x
Photo: x

ബെംഗളൂരു: മലയാളി നഴ്സിനെ ലോഡ്ജിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്തും കൊല്ലം സ്വദേശിയുമായ ഗോകുൽ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കത്തെത്തുടർന്നാണ് അടൂർ സ്വദേശി ഗംഗയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവരും ബിഎസ്‌സി നഴ്സിങ് ബിരുദധാരികളായിരുന്നു.

ഗോകുലിന്റെ ജൂനിയറായിരുന്നു ഗംഗ. പഠനം കഴിഞ്ഞ ഗംഗയ്ക്ക് ജോലി തേടിയാണ് ഇരുവരും ബെംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ നാലുവർഷത്തോളമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. ഇന്ന് രാവിലെയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നുവെന്നാണ് വിവരം. ഗംഗയുടെ അടിവയറിന്റെ ഇടതുഭാഗത്തായാണ് ഗോകുൽ മൂർച്ചയുള്ള കത്തികൊണ്ട് കുത്തിയത്. അമിതമായി രക്തം വാർന്നുപോയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. കോട്ടൺപേട്ട പോലീസാണ് കേസന്വേഷിക്കുന്നത്.

അതിരാവിലെ ഗോകുൽ ഒാടിക്കിതച്ചെത്തി, തങ്ങൾക്കിടയിൽ വഴക്കുണ്ടായെന്നും ഗംഗയ്ക്ക് പരിക്കേറ്റെന്നും പെട്ടെന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞുവെന്ന് ലോഡ്ജ് ജീവനക്കാരൻ പറയുന്നു. ജീവനക്കാരനാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് ഗോകുലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ഗോകുൽ.

Content Highlights: A nurse named Ganga from Adoor was stabbed to death by her boyfriend Gokul Krishna in a Bengaluru lodge., Both were BSc Nursing graduates who came to Bengaluru in search of a job., The murder allegedly happened following a heated argument between the couple in the room., Cottonpet police arrested the accused and are currently interrogating him.