മുൻകാമുകിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; മലയാളി ബൈക്ക് റേസറെ പിടികൂടി കോയമ്പത്തൂർ പോലീസ്

കോയമ്പത്തൂര്‍: ഇന്‍സ്റ്റഗ്രാമില്‍ മുന്‍ കാമുകിയുടെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ മലയാളി ബൈക്ക് റേസര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പഴൂക്കര സ്വദേശിയായ ആള്‍ഡ്രിന്‍ ബാബു(24)വിനെയാണ് കോയമ്പത്തൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശിനിയായ മുന്‍ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്നചിത്രങ്ങളാക്കിയാണ് പ്രതി ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
ആള്‍ഡ്രിന്‍ ബാബുവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നെന്നും രണ്ടുവര്‍ഷം മുന്‍പാണ് യുവതി ബന്ധത്തില്‍നിന്ന് പിന്മാറിയതെന്നും പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമിടയിലുണ്ടായ ചില തെറ്റിദ്ധാരണകളെ തുടര്‍ന്നാണ് ബന്ധത്തില്‍ വിള്ളലുണ്ടായത്. എന്നാല്‍, ബന്ധം തുടരണമെന്നായിരുന്നു ആള്‍ഡ്രിന്റെ ആവശ്യം. യുവതി ഇതിന് തയ്യാറായില്ല. ഇതോടെയാണ് പ്രതി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചത്.
കഴിഞ്ഞയാഴ്ചയാണ് മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് യുവതിക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുകിട്ടിയത്. തുടര്‍ന്ന് യുവതി പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
ഒക്ടോബര്‍ 30-നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചതായും പോലീസ് പറഞ്ഞു. പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കോടതി ജാമ്യാപേക്ഷ തള്ളിയതായും പോലീസ് പറഞ്ഞു.
Content Highlights: malayali bike racer arrested for circulating morphed photos of his ex lover