അഡ്ജസ്റ്റ്മെന്റിന് ആളെ തരുമോ എന്നാണ് അവരാദ്യം ചോദിക്കുക; തുറന്നടിച്ച് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർ

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ പ്രതികരിക്കുന്നു
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിൽവെച്ച് അസീം ഫാസി എന്ന സീരിയൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്ററുടെ വെളിപ്പെടുത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.  ഉപദ്രവിക്കുന്ന സമയത്ത് അസീം നന്നായി മദ്യപിച്ചിരുന്നുവെന്നും ഇയാൾ പിന്നിലൂടെ കയറിപ്പിടിക്കുകയായിരുന്നുവെന്നും അതിജീവിത മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. ഇപ്പോഴും സെറ്റുകളിൽ സ്ത്രീകളെ അഡ്ജസ്റ്റ്മെന്റിന്  പ്രേരിപ്പിക്കാറുണ്ട്. ഒരു വർക്ക് ഏൽപ്പിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അ‍ഡ്ജസ്റ്റ്മെന്റിന് ആളെ തരുമോ എന്നാണെന്നും അവർ വ്യക്തമാക്കി. 

"അന്ന് കുതറിയോടി തന്റെ കൂടെയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ നിൽക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. തന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് കാര്യമന്വേഷിച്ചവരോട് ‍ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു. നിർമാതാവിനോടും ദുരനുഭവത്തേക്കുറിച്ച് പറഞ്ഞു. ഇപ്പോൾ പരാതിയൊന്നും കൊടുക്കേണ്ടെന്നും അസീമിനെ പുറത്താക്കിക്കോളാം എന്നുമാണ് നിർമാതാവ് അപ്പോൾ പറഞ്ഞത്.

എന്നാൽ ഇതേ പ്രൊഡക്ഷൻ എക്സിക്യൂട്ടിവിന്റെ ഉപദ്രവം പിന്നീടും തുടർന്നു. എനിക്കൊപ്പമുള്ള വനിതാ ജൂനിയർ ആർട്ടിസ്റ്റുകളെ അന്വേഷിച്ചുവരും. കൊടുത്തില്ലെങ്കിൽ എന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തുമെന്ന് ഭീഷണിപ്പെടുത്തും. ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും പറ‍ഞ്ഞു. വീണ്ടും പരാതിയുമായി നിർമാതാവിനെ സമീപിച്ചപ്പോൾ അദ്ദേഹം അസീമിനെ ആ സീരിയലിൽനിന്ന് മാറ്റിനിർത്തി. എന്നാലിപ്പോൾ അയാൾ വീണ്ടും ഇതേ സീരിയലിൽ ജോലിക്ക് കയറിയിരിക്കുകയാണ്.

എനിക്ക് സംഭവിച്ചത് ഇനിയൊരാൾക്കും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ തിരുവല്ലം പോലീസിന് പരാതി കൊടുത്തു. കഴിഞ്ഞ ജൂലൈ 19-നാണ് സംഭവമുണ്ടായത്. രാത്രി പന്ത്രണ്ടരയ്ക്ക്. നൈറ്റ് ഷൂട്ടായിരുന്നു അന്നുണ്ടായത്. നിർമാതാവ് പറഞ്ഞതുകൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത്. അയാളെ മാറ്റാമെന്ന് സാർ പറയുകയും രണ്ട് സീരിയലുകളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. മാറ്റിനിർത്തിയശേഷവും ഇതേ വ്യക്തി പെണ്ണുവേണം എന്നുപറഞ്ഞ് വിളിച്ചുകൊണ്ടിരിക്കുകയാണ്. സെറ്റുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ വിതരണം ചെയ്ത് ജീവിക്കുന്നവരാണ് എന്നെപ്പോലുള്ളവർ. അവരെ ഉപയോ​ഗിച്ച് ദുഷ്പ്രവൃത്തികൾ ചെയ്യുന്നവരല്ല.

ഇപ്പോഴും സെറ്റുകളിൽ അഡ്ജസ്റ്റ്മെന്റ് എന്ന പരിപാടിയുണ്ട്. ഒരു വർക്ക് ഏൽപ്പിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അ‍ഡ്ജസ്റ്റ്മെന്റിന് ആളെ തരുമോ എന്നാണ്. പല കൺട്രോളർമാരും അങ്ങനെ ചോദിക്കാറുണ്ട്. അത് പലപ്പോഴും നിർമാതാവിനോ സംവിധായകനോ കൺട്രോളർമാർക്കോ വേണ്ടിയായിരിക്കും. അങ്ങനെ ചെയ്താൽ ഉയരങ്ങളിലെത്തിക്കാം എന്നുവരെ എന്നോടുപറഞ്ഞ കൺട്രോളർമാരുണ്ട്. 

ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല. ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഇല്ല. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെയൊന്നും ഒരിടത്തുമില്ല. അവർ പറഞ്ഞു."

Content Highlights: Junior Artist Coordinator Sexual Harassment Complaint Against TV Serial Production Executive