ഇന്നും ദൂരൂഹം; ശശീന്ദ്രന്റെയും മക്കളുടെയും വിയോഗത്തിന് പതിനാറ് വർഷം

കൊല്ലങ്കോട്: മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലങ്കോട് നെന്മേനി സ്വദേശി വി. ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും വിയോഗത്തിന് ശനിയാഴ്ച 16 വർഷം തികയുന്നു. 2011 ജനവരി 24-ന് വൈകീട്ടാണ് കഞ്ചിക്കോട്ടെ കുരുടിക്കാട്ടിലുള്ള ഇവരുടെ വീട്ടിൽ ശശീന്ദ്രന്റെയും (46), മക്കളായ വിവേക് (12), വ്യാസ് (8) എന്നിവരുടെയും മൃതദേഹങ്ങൾ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂന്നുപേരുടെയും മരണം ആസൂത്രിതമായ കൊലപാതകമാണെന്നും മരണത്തിന് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ശശീന്ദ്രന്റെ കുടുംബത്തിന്റെയും മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആക്ഷൻ കൗൺസിലിന്റെയും നീതി തേടിയുള്ള നിയമപോരാട്ടങ്ങൾക്കും ഇന്ന് പതിനാറുവർഷം തികയുകയാണ്.
മലബാർ സിമന്റ്സിലെ അഴിമതി കേസുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് പിന്നിലുള്ളതെന്ന് കുടുംബവും ആക്ഷൻ കൗൺസിലും ആവർത്തിച്ച് പറയുന്നുണ്ട്. ഇവരുടെ കൂട്ടമരണം ആത്മഹത്യയായി ചിത്രീകരിച്ചിട്ടുള്ളതിന്റെ പിന്നിൽ വ്യക്തമായ ചില അജൻഡകളുണ്ടെന്ന് കുടുംബവും ആക്ഷൻ കൗൺസിലും ആരോപിക്കുന്നു. തെളിവുകൾ നശിപ്പിക്കാൻ കേസിന്റെ ഫയലുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് പലതവണ മോഷണം പോയതും കേസിന്റെ വിധി വൈകിപ്പിച്ചതും ഈ അജൻഡയുടെ ഭാഗമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെയും ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസുകളുടെയും വിസ്താരം ഈ വർഷം തന്നെ പൂർത്തിയാക്കി, കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ശശീന്ദ്രന്റെ കുടുംബവും ആക്ഷൻ കൗൺസിലും പറയുന്നു.
പതിനാറാം വാർഷികദിനത്തിൽ ഇവരുടെ ജന്മനാടായ നെന്മേനിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞു മൂന്നിന് വിരുത്തി കൈവല്യധാമത്തിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുള്ളവരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരത്ത്, ശശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാർ എന്നിവർ അറിയിച്ചു.
Content Highlights: 16 years since the mysterious deaths of V. Sashindran and his two sons. Family & Action Council demand justice for alleged murder linked to Malabar Cements corruption. Learn more.