സ്ലീപ്പർസെല്ലുകൾ വഴി നുഴഞ്ഞുകയറ്റം, നിരീക്ഷണത്തിന് CCTV, ഐഎസ്ഐ സംരക്ഷണം; ആരാണ് ഷഹ്സാദ് ഭാട്ടി?

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പ് രാജ്യത്ത് വൻ ഭീകരാക്രമണം നടത്താനുള്ള പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയുടെ നീക്കം സുരക്ഷാ ഏജൻസികൾ വിജയകരമായി തകർത്തതോടെ വലിയ ദുരന്തമാണ് ഒഴിവായത്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷഹ്സാദ് ഭാട്ടി എന്ന ഭീകരൻ നിയന്ത്രിക്കുന്ന ഭീകരവാദ ശൃംഖലയെയാണ് ഇന്ത്യൻ ഏജൻസികൾ തകർത്തത്.

പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷഹ്സാദ് ഭാട്ടി ഐഎസ്ഐയുടെ നേരിട്ടുള്ള സംരക്ഷണത്തിലാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയും ഹവാല ചാനലുകൾ വഴിയും ഇന്ത്യയിൽ ആളുകളെ റിക്രൂട്ട് ചെയ്യുകയും അവർക്ക് ഫണ്ടും ആയുധങ്ങളും എത്തിക്കുകയും ചെയ്യുന്നതായിരുന്നു ഭാട്ടിയുടെ ശൃംഖലയുടെ പ്രധാന രീതി. പ്രാദേശിക സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ നിരീക്ഷിക്കുകയും ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ ഇവർ വൈദഗ്ധ്യം നേടിയിരുന്നു. പിടിച്ചെടുത്ത സിസിടിവി ഉപകരണങ്ങൾ ഇത്തരത്തിൽ തന്ത്രപ്രധാനമായ ഇടങ്ങൾ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നവയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ഭീകര ശൃംഖല സുരക്ഷാ ഏജൻസികളുടെ കർശന നിരീക്ഷണത്തിലായിരുന്നു. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പോലീസും സംയുക്തമായി നടത്തിയ നീക്കമാണ് ഭീകര ശൃംഖലയെ പിടികൂടാൻ സഹായിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ 80-ലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 12-ന് 14 സംസ്ഥാനങ്ങളിലായി നടത്തിയ സംയോജിതമായി നടത്തിയ മിന്നൽ പരിശോധനകളിൽ 253 ഭീകരവാദികളെ പിടികൂടിയതായും രാജ്യം സുരക്ഷിതമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഉത്തർപ്രദേശ്, ഹരിയാണ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടന്നത്.

റെയ്ഡുകളിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉൾപ്പെടെയുള്ള വലിയ ശേഖരം സുരക്ഷാ ഏജൻസികൾ കണ്ടെടുത്തു. പാകിസ്താൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ, ഐഇഡികൾ, പിസ്റ്റളുകൾ, തിരകൾ എന്നിവയ്ക്ക് പുറമെ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന സിസിടിവി ക്യാമറകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് 15-ന് മുൻപായി രാജ്യത്തെ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.

Content Highlights: Indian security agencies foil a major terror plot by arresting 253 operatives across 14 states.