എല്ലാം ഒരു ഐഫോണിനുവേണ്ടി; അവൻ അമ്മയെപ്പോലും നോക്കിയില്ല, ഒടുവിൽ അച്ഛന്റെ കൈപിടിച്ച് മരണത്തിലേക്ക്

#ന്യൂസ് ഡെസ്ക്
കുനാൽ | കുനാലിനരികിലേക്ക് നടന്നടുക്കുന്ന പിതാവ് മുരളീധറിനെയും അടുത്ത് കരഞ്ഞുതളർന്നിരിക്കുന്ന അമ്മ സംഗീതയേയും കാണാം (സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്) | Image credit: @umashankermedia X
കുനാൽ | കുനാലിനരികിലേക്ക് നടന്നടുക്കുന്ന പിതാവ് മുരളീധറിനെയും അടുത്ത് കരഞ്ഞുതളർന്നിരിക്കുന്ന അമ്മ സംഗീതയേയും കാണാം (സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്) | Image credit: @umashankermedia X

ഛത്രപതി സംഭാജി നഗർ: പിച്ചവെച്ച് നടക്കുന്ന മകൻ വീണുപോകാതിരിക്കാൻ കൈയെത്തിപ്പിടിക്കുന്നതുപോലെ ആ അച്ഛൻ ഒരിക്കൽക്കൂടി മകനെ ആഞ്ഞുപിടിച്ചു. പക്ഷേ, ഇത്തവണ അവനെ വീഴാതെ പിടിക്കാൻ ആ അച്ഛനായില്ല, ഇരുവരും മലഞ്ചെരുവിൽനിന്ന് താഴേക്ക് വീണു. ഭർത്താവും മകനും ആ താഴ്ചയിലേക്ക് വീഴുന്നത് കൺമുന്നിൽക്കണ്ട ആ യുവതിയും പിന്നാലെ ചാടി. ഒറ്റ നിമിഷം... ഒരാളുടെ വാശിയിൽ ഒരൊറ്റ നിമിഷംകൊണ്ട് ഇല്ലാതായത് ഒരു കുടുംബം മുഴുവനാണ്; എല്ലാം ഒരു ഐഫോണിന് വേണ്ടി.

മഹാരാഷ്ട്രയിലെ ചത്രപതി സംഭാജി നഗറിലുള്ള ഖവ്ദ്യ ദോംഗർ (Khavdya Dongar) കുന്നിൻ മുകളിൽ നടന്ന അതിദാരുണമായ സംഭവത്തെക്കുറിച്ചാണ് ഇന്ന് സാമൂഹികമാധ്യമങ്ങൾ മുഴുവൻ ചർച്ച നടക്കുന്നത്. ജീവനേക്കാൾ വലുതോ ഒരു ഐഫോൺ? ചോദ്യം ചെറുതെങ്കിലും അതിനിപ്പോൾ ഒന്നും രണ്ടുമല്ല, മൂന്നുപേരുടെ ജീവന്റെ വിലയാണുള്ളത്. മൂന്നുമണിക്കൂർ നീണ്ട സമരസപ്പെടുത്തലുകൾക്കൊന്നും വഴങ്ങാതെ ഒരു പതിനെട്ടുകാരൻ 'ഇനി ഒരു മാർഗവും മുന്നിലില്ല' എന്നുപറഞ്ഞ് ജീവനൊടുക്കിയത് ഒരു ഐഫോൺ കിട്ടാത്തതിനാണ്.

വെള്ളിയാഴ്ച തിസ്ഗാവിന് സമീപമുള്ള ഖാവ്ദ്യാ ദോംഗർ കുന്നിൽമുകളിൽ രാവിലെ 10 മണിയോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് ഒരുമണിയോടെ കുനാൽ ചന്ദ്‌വാഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവർക്ക് ജീവൻ നഷ്ടമായി. താൻ ആവശ്യപ്പെട്ട ഐഫോൺ വാങ്ങി നൽകാൻ അച്ഛനുമമ്മയും തയ്യാറായില്ല എന്ന മനോവേദനയിലാണ് ജീവനൊടുക്കുക എന്ന ലക്ഷത്തോടെ കുനാൽ മലമുകളിലെത്തിയതെന്ന്‌ സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നു.

വിവരമറിഞ്ഞയുടൻ മുരളീധറും സംഗീതയും ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി. പിന്നീട് പലതും പറഞ്ഞ് കുനാലിനെ ചെങ്കുത്തായ ആ മലമുകളിൽ അവൻ നിന്നയിടത്തുനിന്നു മാറ്റാനുള്ള ശ്രമങ്ങളായി. ഇതിനിടെ ഐഫോൺ വാങ്ങി നൽകാം എന്നതടക്കമുള്ള വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചെങ്കിലും ഒന്നിനും അവന്റെ മനസു മാറ്റാനായില്ല. 'അങ്ങനെ ചെയ്യരുതെന്നും അമ്മയെക്കുറിച്ച് ചിന്തിക്കണമെന്നും ഞങ്ങൾ അവനോട് പറഞ്ഞുകൊണ്ടേയിരുന്നു. ശ്രദ്ധ തിരിച്ചുവിടാനായി ഞാൻ അവന് അപ്പോൾതന്നെ എന്റെ കൈയിലുള്ള ഐഫോൺ നൽകാമെന്നുവരെ വാഗ്ദാനം ചെയ്തു, പക്ഷേ...' സംഭവസ്ഥലത്തുണ്ടായിരുന്ന തിസ്ഗാവ് സർപഞ്ച് സഞ്ജയ് ജാദവ് പറയുന്നു.

ഏകദേശം മൂന്ന് മണിക്കൂറോളം നേരമാണ് കുനാലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നീണ്ടത്. ഇതിനിടെ എംഐഡിസി വാളൂജ് (MIDC Waluj) പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അഗ്‌നിശമനസേന വിഭാഗങ്ങൾ താഴെ സുരക്ഷാവലകൾ വിരിച്ചെങ്കിലും, കുത്തനെയുള്ള മലയിടുക്കിന്റെ അരികിൽ കൗമാരക്കാരൻ നിരന്തരം സ്ഥാനം മാറിക്കൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.

ഈ സമയമത്രയും കരഞ്ഞുതളർന്ന് കുന്നിൻചെരുവിൽ ഇരിപ്പായ അമ്മയും അച്ഛനും നിരന്തരം അവനോട് കെഞ്ചിക്കൊണ്ടേയിരുന്നു, ദുർഘടമായ ആ സ്ഥലത്തുനിന്നും അപകടകരമായ അവന്റെ മനോനിലയിൽനിന്നും തിരിച്ചുവരാൻ. എന്നാൽ, തന്റെ തീരുമാനത്തിൽനിന്നു മാറാൻ കുനാൽ തയ്യാറായിരുന്നില്ല, 'ഇനി ഇതിനൊരു പരിഹാരമില്ല. ഒരേയൊരു പരിഹാരം മാത്രമേയുള്ളൂ' എന്നാണ് തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന എല്ലാവരോടും കുനാൽ പറഞ്ഞുകൊണ്ടിരുന്നതെന്ന് ജാദവ് പറയുന്നു.

മണിക്കൂറുകൾക്കുശേഷവും കുനാൽ തന്റെ പിടിവാശിയിൽനിന്ന്‌ അണുവിട മാറാൻ തയ്യാറാകാഞ്ഞതോടെയാണ് മകനെ സുരക്ഷിതനാക്കാൻ, അവനെ കൈപിടിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മുരളീധർ രണ്ടുംകൽപിച്ച് അവനരികിലേക്ക് നടന്നടുത്തത്. ഇതോടെ, അച്ഛനിൽനിന്നു കുതറിമാറാൻ ശ്രമിച്ച കുനാൽ പിന്നിലേക്ക് ആഞ്ഞുപോയി, തൊട്ടടുത്ത നിമിഷം ആ അച്ഛൻ കൈനീട്ടി മകന്റെ കൈയിൽ പിടിച്ചു, അപ്പോഴേക്കും ഇരുവർക്കും അടിതെറ്റി. അച്ഛനും മകനും കുന്നിൻമുകളിൽനിന്നു താഴേക്ക് പതിച്ചു.

കുനാലിനരികിലേക്ക് പിതാവ് നടക്കുന്നതുകണ്ട് അവന്റെ അമ്മയടക്കം ചുറ്റുംകൂടിയിരുന്നവരും അങ്ങോട്ട് നീങ്ങിയിരുന്നു, അവരെല്ലാം സ്തബ്ധരായിപ്പോയ ആ നിമിഷത്തിൽ ഒരാൾ കൂടി ആ കുന്നിൻമുകളിൽനിന്നു താഴേക്ക് ചാടി. സംഗീത. മകനും ഭർത്താവും ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആ പാവം സ്ത്രീ തയ്യാറായില്ല, അതിനുമുമ്പ് അവർ ആ അച്ഛന്റെയും മകന്റെയും വഴിയേപോയി. 'അച്ഛൻ കുനാലിനെ അനുനയിപ്പിച്ച്‌ തിരികെ കൊണ്ടുവരുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ പിടിക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും താഴേക്ക് വീണു. പിന്നാലെ ആ അമ്മയും താഴേക്ക് ചാടി.' കൺമുന്നിൽ നടന്ന ദാരുണദൃശ്യത്തിന്റെ ഞെട്ടലിൽനിന്ന്‌ ഇപ്പോഴും മുക്തനാകാതെ ജാദവ് പറയുന്നു.

'സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുർഘടമായ ഭൂപ്രദേശത്തുനിന്ന് വളരെ പാടുപെട്ടാണ് മൃതദേഹങ്ങൾ വീണ്ടെടുത്തത്.' പോലീസ് കമ്മീഷണർ പ്രവീൺ പവാർ പറഞ്ഞു. കുടുംബം ജൽന ജില്ലയിലെ ധൻഗർ പിമ്പൽഗാവ് (Dhangar Pimpalgaon) ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ബന്ധുക്കൾ മൃതദേഹങ്ങൾ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോയതായും ഡിസിപി രത്‌നാകർ നവാലെ അറിയിച്ചു.

കുന്നിൽമുകളിലെ അവരുടെ അവസാനനിമിഷത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഐഫോണിനു വേണ്ടി വാശിപിടിച്ച കൗമാരക്കാരന്റെ ആഗ്രഹത്തിനു മുന്നിൽ ഒരു കുടുംബം തന്നെ ഇല്ലാതായ ദാരുണസംഭവത്തെക്കുറിച്ച് ചർച്ചകൾ തുടരുകയാണ്; ഒരു ഐഫോണിന് ഒരാളുടെ; അല്ല, മൂന്ന് പേരുടെ ജീവന്റെ വിലയുണ്ടോ? 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056) 

Content Highlights: An 18-year-old teen died after jumping from Khavdya Dongar in Maharashtra over a denied iPhone demand. Both parents tragically lost their lives while attempting to save him during a three-hour rescue standoff. Local villagers, police, and fire brigade personnel were present at the scene trying to persuade him. Authorities have recovered the bodies and are investigating the exact sequence of events.