മദ്രസയുടെ ടെറസിൽവെച്ചും വിദ്യാർഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 70 വർഷം കഠിനതടവ്

ഷറഫുദ്ദീന്‍
ഷറഫുദ്ദീന്‍

കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. മദ്രസയിലും മദ്രസയുടെ ടെറസിന്റെ മുകളിൽ വെച്ചും അധ്യാപകന്‍ നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പോലീസ് പ്രതിക്കെതിരെ കേസെടുത്തു. 2022 ഫെബ്രുവരി 24-ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. 

അഞ്ചുവകുപ്പുകളിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും രണ്ടുവകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സിന്ധു ഹാജരായി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

സി.ഐ. ആയിരുന്ന കേഴ്‌സണ്‍ വി. മാര്‍ക്കോസ്, എസ്.ഐ.മാരായ സി.എ. ഇബ്രാഹിംകുട്ടി, പി.എ. സുബൈര്‍, എ.എസ്.ഐ. ഇ.എസ്. ബിന്ദു, സീനിയര്‍ സിപിഒ എ.ആര്‍. ജയന്‍, സിപിഒ ഇന്‍ഷാദ് പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Content Highlights: madrassa teacher gets 70 years imprisonment for raping student