ലഖ്നൗ സ്റ്റേഷൻ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്; പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ

ലഖ്നൗ: ലഖ്നൗ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്താനിരുന്ന വലിയൊരു ഭീകരാക്രമണ പദ്ധതി തകർത്ത് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്). പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള നാലു പേരെ ലഖ്നൗവിൽ വെച്ച് ഉത്തർപ്രദേശ് പോലീസ് പിടികൂടി. ഇന്ത്യയിലുടനീളം പരിഭ്രാന്തി പരത്തുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ കേന്ദ്രീകരിച്ച് സ്‌ഫോടനങ്ങളും അട്ടിമറി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിരുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് യുപി പോലീസ് അറിയിച്ചു.
ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താൻ ഭീകരരുമായും റാഡിക്കൽ ഗ്രൂപ്പുകളുമായും ഈ സംഘം ബന്ധപ്പെട്ടിരുന്നുവെന്ന് എടിഎസ് പറയുന്നു. 2026 ഏപ്രിൽ രണ്ടിന് റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, മറ്റ് റെയിൽവേ വസ്തുവകകൾ എന്നിവ ലക്ഷ്യമിട്ട് സ്‌ഫോടനവും തീവെപ്പും നടത്താനായിരുന്നു ഇവരുടെ നീക്കമെന്നാണ് വിവരം.
ഡെവിൾ എന്ന് വിളിക്കുന്ന സാഖിബ്, റൗണക് എന്ന വികാസ് ഗെഹ്ലാവത്, പാപ്ല പണ്ഡിറ്റ്, സഞ്ജു, ബാബു എന്നിങ്ങനെ അറിയപ്പെടുന്ന ലോകേഷ്, അർബാബ് എന്നിവരാണ് അറസ്റ്റിലായവർ. മീററ്റ് സ്വദേശിയായ സാഖിബാണ് സംഘത്തിലെ പ്രധാനി.
റെയിൽവേ സിഗ്നൽ ബോക്‌സുകൾ, പ്രമുഖ സ്ഥാപനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ, മറ്റ് സർക്കാർ ആസ്തികൾ എന്നിവ തകർത്ത് രാജ്യത്ത് പരിഭ്രാന്തിയും സാമ്പത്തിക നാശവും ഉണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താൻ ഹാൻഡ്ലർമാരിൽ നിന്നാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നത്. ഗൂഗിൾ ലൊക്കേഷൻ കോർഡിനേറ്റുകൾ ഉപയോഗിച്ചാണ് ഇവർ സ്‌ഫോടനം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്തിയിരുന്നത്.
മുമ്പ് ഇന്ത്യയുടെ പലയിടങ്ങളിലും നടത്തിയ ചില ചെറിയ തീവെപ്പ് സംഭവങ്ങളുടെ വീഡിയോകൾ ഇവർ പാക് ഹാൻഡ്ലർമാർക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന് പ്രതിഫലമായി ക്യുആർ കോഡുകൾ വഴി ഇവർക്ക് പണം ലഭിച്ചിരുന്നതായും എടിഎസ് കണ്ടെത്തി.
അറസ്റ്റിലാകുന്ന സമയത്ത് പ്രതികളിൽ നിന്ന് ഏഴ് സ്മാർട്ട്‌ഫോണുകൾ, കത്താൻ സാധ്യതയുള്ള ദ്രാവകം അടങ്ങിയ ഒരു കാൻ, 24 ലഘുലേഖകൾ, ആധാർ കാർഡുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 148, 152, 61(2), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് (യുഎപിഎ) സെക്ഷൻ 13, 18 എന്നിവ പ്രകാരം ലഖ്നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: UP ATS successfully prevented a planned sabotage at Lucknow Railway Station., Four individuals linked to Pakistan-based handlers were arrested., The suspects used encrypted apps like Telegram and Signal for coordination., The plot aimed to target railway infrastructure, gas trucks, and government assets in 2026., Investigation conducted under BNS and UAPA sections.