ലോറന്‍സ് ബിഷ്‌ണോയി ; മുംബൈ അധോലോകത്തിന്റെ പുതിയ തലവനോ?

മുംബൈ: എന്‍.സി.പി. നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പ്രതികളായ ശിവകുമാര്‍ ഗൗതം, ലോറന്‍സ് ബിഷ്ണോയ് സംഘാംഗം ശുഭം ലോങ്കര്‍, ജലന്ധര്‍ ആസ്ഥാനമായുള്ള കുറ്റവാളി മുഹമ്മദ് സീഷാന്‍ അക്തര്‍ എന്നിവര്‍ക്കെതിരേ മുംബൈ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കൊലപാതകംനടന്ന സ്ഥലത്തിന് 250 മീറ്റര്‍ അകലെനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന തോക്കും ബൈക്കും കണ്ടെത്തി.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ തുടങ്ങിയ പ്രധാന അധോലോക തലവന്മാരുടെ തകര്‍ച്ചയോടെ മഹാനഗരം ചെറുതും കൂടുതല്‍ വിഘടിച്ചതുമായ സംഘങ്ങളിലേക്ക് വഴിമാറി. അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ കുറവായതിനാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കാണ് ഇക്കൂട്ടരുടെ ശ്രദ്ധ. അധോലോകം ചെറുസംഘങ്ങളിലൂടെ ശക്തിപ്രാപിക്കുന്നതില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്രകടിപ്പിക്കുന്നുണ്ട്. ലോറന്‍സ് ബിഷ്ണോയിയുടെ മുംബൈ സാന്നിധ്യം നല്‍കുന്ന സൂചനകള്‍ അതാണ്. മുന്‍പ് ഡി-കമ്പനി ബോളിവുഡില്‍ എങ്ങനെയാണോ ആധിപത്യം ഉറപ്പിച്ചത് അതിനു ബദലായി സല്‍മാന്‍ഖാനെതിരേ വധഭീഷണി മുഴക്കിയതും ബോളിവുഡുമായി അടുത്തബന്ധം സൂക്ഷിച്ച രാഷ്ട്രീയനേതാവായ ബാബ സിദ്ദിഖിയെ വകവരുത്തിയതും ഇതിന്റെ സൂചനയാണ്. അധോലോകത്തിന്റെ സ്വാധീനം കുറഞ്ഞെങ്കിലും മുംബൈ പുതിയ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് മുന്‍ പോലീസ് കമ്മിഷണര്‍ ഡി. ശിവാനന്ദന്‍ പറയുന്നു.
ഗ്രാമീണയുവാക്കളെ കൂട്ടി ബിഷ്ണോയി സംഘം
ബിഷ്‌ണോയി സംഘം പ്രാഥമികമായി ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള യുവാക്കളെയാണ് ഉപയോഗപ്പെടുത്തുന്നത്. അവര്‍ക്ക് പണം, സംരക്ഷണം, സംഘത്തിനുള്ളില്‍ പദവി എന്നിവ വാഗ്ദാനംചെയ്യുന്നു. ബിഷ്‌ണോയിയും അടുത്തകൂട്ടാളികളും ജയിലിലാണെങ്കിലും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ബിഷ്‌ണോയിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍നിന്നുള്ള ആയുധവിതരണക്കാരുമായി ബന്ധമുണ്ടെന്ന് മുംബൈ പോലീസ് സൂചിപ്പിച്ചിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ ക്രിമിനല്‍ സംഘടനകളിലൊന്നാണവര്‍. നിലവില്‍ 700 സംഘാംഗങ്ങളാണ് രാജ്യവ്യാപകമായി ഇവര്‍ക്കുള്ളത്. മുംബൈ പ്രധാന വിളനിലമാക്കിമാറ്റാനാണ് ബിഷ്‌ണോയി സംഘത്തിന്റെ അടുത്തശ്രമം.
സുരക്ഷനല്‍കി സ്വകാര്യ സെക്യൂരിറ്റികള്‍
മുംബൈ പോലീസിലെ പലരും വിരമിച്ചതിനുശേഷം ബോളിവുഡ് താരങ്ങള്‍ക്കും കോര്‍പ്പറേറ്റ്് മേധാവികള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും സുരക്ഷനല്‍കുന്ന സ്വകാര്യ സെക്യൂരിറ്റി സര്‍വീസുകളും തുടങ്ങി. പട്ടാളത്തില്‍നിന്ന് വിരമിച്ചവരും പോലീസില്‍ സേവനമനുഷ്ഠിച്ചവരുമാണ് കൂടുതല്‍.
മുംബൈ പോലീസിലെ ഉന്നത ഉദ്യേഗസ്ഥനായിരുന്ന എ.എ. ഖാന്‍, പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായതോടൊപ്പം വിജിലന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രമുഖ സുരക്ഷാ ഏജന്‍സി തുടങ്ങി. രാജ്യവ്യാപകമായി 6000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവര്‍ക്കുള്ളത്. രാകേഷ് മരിയ, ഡി. ശിവാനന്ദന്‍, പ്രദീപ് ശര്‍മ എന്നിവരും ഇത്തരം സംരംഭങ്ങള്‍ ആരംഭിച്ചു. സെക്യുറസ് ഫസ്റ്റ്, ടോപ്സ്ഗ്രൂപ്പ് എന്നിവയാണ് ഈ മേഖലയിലെ മറ്റ് പ്രധാന സ്ഥാപനങ്ങള്‍.
Content Highlights: Lawrence Bishnoi: New Mumbai Underworld Boss?