പിടിക്കപ്പെടുമെന്നായായാല്‍ കുറുവകള്‍ വീട്ടുകാരെ ആക്രമിക്കാനും മടിക്കില്ല; തെളിവ് കണികപോലുമുണ്ടാകില്ല

മണ്ണഞ്ചേരി: കേട്ടറിവിനെക്കാള്‍ വിശാലമായതാണ് കുറുവകളുടെ ലോകമെന്ന് പോലീസ്. എല്ലാ സംവിധാനങ്ങളോടെയും പ്രവര്‍ത്തിക്കുന്ന മോഷണസംഘമാണ്. പകല്‍ പലവിധ ജോലികളില്‍ ഏര്‍പ്പെട്ടിട്ട് ഒടുവില്‍ രാത്രി കവര്‍ച്ചയ്ക്കിറങ്ങുന്നതാണ് ഇവരുടെ രീതി. തെളിവിന്റെ കണിക അവശേഷിപ്പിക്കാതെയാണ് ഇവരുടെ മോഷണങ്ങളധികവും. അതാണ് ഇവരിലേക്കെത്താന്‍ പോലീസിനു വിലങ്ങുതടിയാകുന്നത്.
മോഷണം കുലത്തൊഴിലാക്കിയ വിഭാഗമാണ് ഇവര്‍. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സംഘം പക്ഷേ, മോഷണത്തിനെത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പിടിക്കപ്പെടുമെന്നുറപ്പായാല്‍ വീട്ടുകാരെ ആക്രമിക്കാനും മടിക്കില്ല. ട്രെയിനുകളിലാണ് ഇവര്‍ ഏറെയും യാത്രചെയ്യുന്നത്.
യാത്രയ്ക്ക് ബസ്സുകളെ ആശ്രയിക്കുന്നതു വിരളമാണ്. റെയില്‍വെ ട്രാക്ക് പരിസരത്തെ വീടുകളാണ് മോഷണത്തിനായി ഇവര്‍ തിരഞ്ഞെടുക്കാറുള്ളതെന്നും പോലീസ് പറഞ്ഞു. ഇവരുടെ കൂടെയുള്ള സ്ത്രീകളാണ് മോഷണമുതല്‍ വില്‍ക്കാന്‍ സഹായിക്കുന്നതെന്നും പ്രതികളിലേക്ക് പോലീസ് എത്തുമെന്നുകണ്ടാല്‍ കൈക്കുഞ്ഞുങ്ങളെ കാട്ടിയും നിലവിളിച്ചും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇവരുടെ രീതിയാണെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴയിലെ പോലീസ് സംഘത്തിന്റെ പിടിയില്‍നിന്ന് ചാടിപ്പോയ കുറുവ സംഘാംഗത്തെ കുടുക്കിയത് കൊച്ചി സിറ്റി പോലീസ് നാലരമണിക്കൂര്‍ പഴുതടച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ്. എണ്‍പതോളം പേരടങ്ങുന്ന പോലീസ് സംഘം അക്ഷരാര്‍ഥത്തില്‍ കാടിളക്കി നടത്തിയ വ്യാപക പരിശോധനയ്‌ക്കൊടുവിലാണ് സന്തോഷ് ശെല്‍വന്‍ പിടിയിലായത്.
ശനിയാഴ്ച വൈകീട്ടാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍നിന്നുള്ള സംഘം സന്തോഷിനെത്തേടി കുണ്ടന്നൂരിലെത്തിയത്. കൊച്ചി പോലീസിനെ വിവരമറിയിച്ച ശേഷമാണ് ഇവര്‍ എത്തിയത്. ആദ്യത്തെ തിരച്ചിലില്‍ സന്തോഷിനെ കണ്ടെത്താനായില്ല. അതോടെ മടങ്ങിയ പോലീസ് സംഘം തിരിച്ചെത്തി കായലിനോട് ചേര്‍ന്ന് തമിഴ്സംഘം താമസിച്ച ഷെഡ്ഡിലെ ഷീറ്റുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് തറയില്‍ കുഴിയെടുത്ത് അതിനുള്ളില്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ച് ചുരുണ്ടുകൂടിക്കിടന്ന സന്തോഷിനെ കണ്ടെത്തിയത്.
പിന്നീട് പോലീസിന്റെ പിടിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട സന്തോഷിനെത്തേടിയുള്ള കൊച്ചി പോലീസിന്റെ തിരച്ചില്‍ തുടങ്ങുന്നത് ആറുമണിയോടെ. സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനിറങ്ങിയത്.
കുണ്ടന്നൂര്‍പാലത്തിന് താഴെയുള്ള കാടുമൂടിയ സ്ഥലത്ത് തിരച്ചില്‍ വെല്ലുവിളിയായി. പാമ്പുകള്‍ ധാരാളമുള്ള ഇവിടെ സാഹസികമായാണ് പോലീസ് തിരച്ചിലിനിറങ്ങിയത്. ആദ്യം ചെറുസംഘമായിരുന്നു കാടുമൂടിയ സ്ഥലത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ളവരും കലൂര്‍ സ്റ്റേഡിയം ഭാഗത്ത് വിന്യസിച്ചിരുന്നവരും എ.സി.പി. യുടെ നിര്‍ദേശപ്രകാരം തിരച്ചില്‍ സംഘത്തിലേക്കെത്തി.
പോലീസ് സംഘത്തിന്റെ ഉപകരണങ്ങള്‍ക്ക് പുറമേ സമീപത്തെ ഹോട്ടലുകളില്‍ നിന്നെത്തിച്ച ടോര്‍ച്ചുകളും വെട്ടുകത്തികളുമുപയോഗിച്ച് കാട് വെട്ടിത്തെളിച്ച് പരിശോധന നടത്തുന്നതിനിടെ ബോട്ടുപയോഗിച്ച് കായലിന്റെ വശങ്ങളിലും പ്രതിക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. രക്ഷപ്പെടാതിരിക്കാന്‍ കുണ്ടന്നൂര്‍ പാലത്തിനു മുകളിലുള്‍പ്പെടെ പല സംഘങ്ങളായി പോലീസ് കാവലേര്‍പ്പെടുത്തി. ഒടുവില്‍ രാത്രി 10.30-ഓടെ കായല്‍ക്കരയില്‍ ചെളിയില്‍ ഒളിച്ചിരുന്ന പ്രതിയിലേക്ക് പോലീസ് എത്തുകയായിരുന്നു.
Content Highlights: Kuruva robbers, most horrific groups, their Modus operandi is Cruel