പെൺകുട്ടിയെ കടന്നുപിടിച്ചശേഷം ബസിൽനിന്ന് ഇറങ്ങിയോടിയെന്ന് പരാതി; KSRTC ജീവനക്കാരനെ പിടികൂടി

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ഹരിപ്പാട്: ഒപ്പം യാത്രചെയ്ത പെൺകുട്ടിയെ കടന്നുപിടിച്ചെന്ന് ആരോപിക്കപ്പെട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാരനെ നാട്ടുകാരും ബസിന്റെ ഡ്രൈവറും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു. കായംകുളം ഡിപ്പോയിലെ ഡ്രൈവർ അമ്പലപ്പുഴ സ്വദേശി രഞ്ജൻ (53) ആണ് പെൺകുട്ടിയെ കടന്നുപിടിച്ചെശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇയാളെ അതേ ബസിൽ ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു.

ആലപ്പുഴ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോൾ ശനിയാഴ്ച രാവിലെയാണ് സംഭവം. കൊല്ലത്തേക്ക് പോകാൻപെൺകുട്ടി ആലപ്പുഴയിൽനിന്നാണ് ബസിൽ കയറിയത്. കായംകുളം ഡിപ്പോയിലേക്ക് യൂണിഫോം ധരിച്ച് ജോലിക്കുപോയ രഞ്ജൻ അമ്പലപ്പുഴയിൽനിന്നും ഇതേ ബസിൽ കയറി. പെൺകുട്ടിയിരുന്ന സീറ്റിലിരുന്ന ഇയാൾ ബസ് കരുവാറ്റ കന്നുകാലിപ്പാലം ഭാഗത്തെത്തിയപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അപ്രതീക്ഷിത അതിക്രമത്തിൽ പകച്ചുപോയ പെൺകുട്ടി ശബ്ദമുയർത്തി പ്രതികരിച്ചു. ബഹളംകേട്ട ഡ്രൈവർ ബസ് നിർത്തി. അപ്പോഴേക്കും ഇയാൾ ബസിൽനിന്ന് ഇറങ്ങിയോടി. ബസിന്റെ ഡ്രൈവർ ഇയാളുടെ പിന്നാലെ ഓടി. ബസിൽ മോഷണം നടത്തിയ ആൾ രക്ഷപ്പെടുകയാണെന്ന് കരുതിയ നാട്ടുകാരും ഡ്രൈവർക്കൊപ്പം കൂടി. അര കിലോ മീറ്ററോളം ഓടിയ പ്രതിയെ പിടികൂടി അതേ ബസിൽ കയറ്റി. തുടർന്ന്, ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടി സംഭവത്തിൽ പരാതിയും നൽകി.

പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റുചെയ്തു.

Content Highlights: KSRTC driver Ranjan arrested for molesting a female passenger., Incident occurred on an Alappuzha-Thiruvananthapuram superfast bus., Locals and the bus driver apprehended the suspect after a chase., The suspect was handed over to Haripad police station.