കായികമേളയിലെ 'പുഴു വിവാദം': അധ്യാപകൻ ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടതിന് തെളിവില്ലെന്ന് പോലീസ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ അധ്യാപകനായ ജിജോ ജെയിംസ് പുഴുവിനെ കൊണ്ടിട്ടതിന് തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ലെന്ന് പോലീസ്. അധ്യാപകൻ പുഴുവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ഉൾപ്പെടുത്തി കുന്ദമംഗലം പോലീസ് ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
കോഴിക്കോട് എൻ.ഐ.ടി. ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടത് വലിയ വിവാദമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച ജിജോ ജെയിംസ് എന്ന അധ്യാപകനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയും, കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയും ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
അധ്യാപകൻ ഗൂഢാലോചന നടത്തി പുഴുവിനെ ഭക്ഷണത്തിൽ ഇടുന്നത് പാചകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കണ്ടിരുന്നുവെന്നായിരുന്നു സർക്കാരിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ ആരോപണം. എന്നാൽ അധ്യാപകൻ പുഴുവിനെ കൊണ്ടുവന്നിടുന്ന ദൃശ്യങ്ങളോ, അതുമായി ബന്ധപ്പെട്ട മൊഴികളോ മറ്റ് തെളിവുകളോ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നു.
അധ്യാപകൻ ഭക്ഷണം വാങ്ങുന്നതും പുഴുവിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും മറ്റ് ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നതിന് തെളിവുകളില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംഭവത്തിൽ നേരത്തെ ഉയർന്നു വന്ന ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാകുന്നു.
Content Highlights: Police have found no evidence or testimonies to support claims that teacher Jijo James planted a worm in the food at the state school sports meet. Jijo James was suspended, arrested, and later released on bail after videos of the worm in the food circulated, but no further evidence of conspiracy has been found. Allegations from the government and minister about a conspiracy involving the teacher and kitchen staff remain unproven, as police report no supporting evidence.