കൊന്നെന്ന് പറഞ്ഞ് എന്തിന് സുഹൃത്ത് കീഴടങ്ങി? തെളിവുകളൊന്നുമില്ല; യുവാവിന്റെ മരണത്തിൽ ആശയക്കുഴപ്പം

#ന്യൂസ് ഡെസ്ക്
ഫോട്ടോ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്
ഫോട്ടോ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്

പെരുമണ്ണ (കോഴിക്കോട്): മുണ്ടുപാലത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പന്തീരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയായ മുഹമ്മദ് ഷരീഖിന്റെ മരണത്തിൽ ദുരൂഹത ഉയർന്നതോടെയാണ് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പോലീസിന്റെ പരിശോധനയിൽ ശരീരത്തിൽ കൊലപാതകത്തിന് സാധ്യതയുള്ള വിധത്തിൽ ആഴത്തിലുള്ള മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

തിങ്കളാഴ്ച രാത്രിയാണ് മരിച്ച മുഹമ്മദ് ഷരീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് പന്തീരാങ്കാവ് പോലീസിലെത്തി താൻ ഒരാളെ തലയ്ക്കടിച്ച് കൊന്നിട്ടുണ്ടെന്ന് മൊഴി നൽകിയത്. തുടർന്ന് പന്തീരാങ്കാവ് പോലീസ് പെരുമണ്ണ പുത്തൂർമഠത്തിന് സമീപമുള്ള മുണ്ടുപാലത്തെ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ മരണം ഉച്ചയോടെ സംഭവിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്. മൊഴിനൽകിയ മുഹമ്മദ് അഷ്‌റഫ് പന്തീരാങ്കാവ് പോലീസിന്റെ കസ്റ്റഡിയിലാണ്.

മുണ്ടുപാലത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്ത് നിരവധി മാളുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ഉള്ളതിനാൽ വാടകവീടുകളിൽ താമസിക്കുന്നവരെക്കുറിച്ച് നാട്ടുകാർക്കും കൂടുതൽ വിവരങ്ങൾ അറിയാറില്ല. പലപ്പോഴും രാത്രി ഏറെ വൈകി ജോലി കഴിഞ്ഞെത്തി, നാട്ടിലുള്ളവരെല്ലാം ജോലിക്ക് പോയശേഷം ഒരു ദിവസം ആരംഭിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ പൊതുസമൂഹവുമായി ഒരു ബന്ധവുമില്ലാത്തവരാണ് മിക്ക ആളുകളുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

യുവാവിന്റെ ദേഹത്ത് മർദനമേറ്റ പാടുകളോ മറ്റോ ഇല്ല എന്നതാണ് പോലീസിനെ കുഴക്കുന്നത്. അങ്ങനെയെങ്കിൽ എന്തിന് താൻ ഒരാളെ കൊലപ്പെടുത്തിയെന്ന് മറ്റൊരാൾ വന്ന് പോലീസിന് മൊഴി നൽകി എന്നതും പോലീസിന് അന്വേഷിക്കേണ്ടിവരും.

Content Highlights: Muhammad Shareek found dead in a rented house in Perumanna, Kozhikode., Friend Muhammad Ashraf surrendered to police claiming he committed the murder., Forensic investigation revealed no visible injury marks on the body., Police are questioning the motive behind the false or unverified confession., Post-mortem report is awaited to determine the exact cause of death.