യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നചിത്രമെടുത്ത് അമ്മയ്ക്ക് അയച്ചു; യുവതിക്കും സംഘത്തിനുമെതിരേ അന്വേഷണം

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നചിത്രങ്ങളെടുത്തതായി പരാതി. കോഴിക്കോട് സിവിൽസ്റ്റേഷൻ ഫ്‌ലോറിക്കൽ റോഡ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നചിത്രങ്ങളെടുത്തശേഷം അമ്മയ്ക്ക് അയച്ചുകൊടുത്ത് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് പരാതി. കേസിൽ യുവതി ഉൾപ്പെടെയുള്ള സംഘത്തിനായി ചേവായൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.

ജൂലായ് 24-നാണ് യുവാവ് ബെംഗളൂരുവിലുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റിലെത്തിയത്. ഇവിടെവെച്ച് യുവതി ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് കോഴിക്കോട്ടെ പറമ്പിൽ ബസാറിലെ ചാലിൽതാഴത്തുള്ള രഹസ്യകേന്ദ്രത്തിലെത്തിച്ച് ബലപ്രയോഗത്തിലൂടെ നഗ്‌നഫോട്ടോകളെടുത്തു.

പിന്നീട് ഈ ചിത്രങ്ങൾ യുവാവിന്റെ അമ്മയ്ക്ക് അയച്ചുനൽകി എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട ശേഷം യുവാവുതന്നെയാണ് ചേവായൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

അതേസമയം, സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും തട്ടിക്കൊണ്ടുപോയവരും യുവാവും തമ്മിൽ മറ്റു ബന്ധങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ചേവായൂർ സർക്കിൾ ഇൻസ്‌പെക്ടർ എസ്. സജീവ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. യുവാവിന്റെ ബെംഗളൂരുവിലെ സുഹൃത്തിന് കേസുമായി ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷിക്കുന്നുണ്ടെന്നും പ്രതികളിൽ ചിലരേക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: A Kozhikode native was abducted from Bengaluru by a six-member gang., The gang took nude photos of the victim and demanded a ransom of Rs 8 lakh from his mother., The victim escaped and filed a formal complaint at Chevarambalam Police Station., Police are currently investigating potential connections between the victim and the suspects.