ഡിജിറ്റല് തെളിവുകള് എതിര്; മാമി തിരോധാനക്കേസില് ഡ്രൈവറെ വീണ്ടും ചോദ്യംചെയ്യും

കോഴിക്കോട്: നഗരത്തിലെ പ്രമുഖ റിയല് എസ്റ്റേറ്റ് ഇടനിലക്കാരനായ ബാലുശ്ശേരി എരമംഗലം ആട്ടൂര് ഹൗസില് മുഹമ്മദ് ആട്ടൂര് (57) എന്ന മാമിയെ കാണാതായതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡ്രൈവര് രജിത്ത് കുമാറിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വീണ്ടും ഉടന് ചോദ്യംചെയ്യും. ഡിജിറ്റല് തെളിവുകള് രജിത്ത് കുമാറിന് എതിരാണെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം. ഇതിനെത്തുടര്ന്നാണ് വീണ്ടും ചോദ്യംചെയ്യാന് നോട്ടീസ് നല്കി വിളിപ്പിക്കുന്നത്.
തലക്കുളത്തൂരില്നിന്ന് മാമിയെ കാണാതാകുന്ന ദിവസം മൊബൈല്ഫോണ് ടവര് ലൊക്കേഷന് പ്രകാരം രജിത്തും അതേ സ്ഥലത്താണ് ഉണ്ടായിരുന്നത്. എന്നാല്, അന്നേദിവസം താന് പുറക്കാട്ടിരിയിലും അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിലുമാണ് പോയതെന്നാണ് തുടക്കംമുതലേ രജിത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവരുന്നത്. ഇത് പൂര്ണമായും വിശ്വസിക്കാന് കഴിയില്ലെന്നാണ് പ്രാഥമികതെളിവുകളുടെ അടിസ്ഥാനത്തില് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്ന അനുമാനം.
ഇതേ നിഗമനങ്ങളിലായിരുന്നു നേരത്തേ കേസന്വേഷിച്ച നടക്കാവ് പോലീസും മലപ്പുറം എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരും. വിവിധഘട്ടങ്ങളില് കേസ് പുരോഗതി വിലയിരുത്തിയപ്പോള് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ഈ കാര്യം മുന്പത്തെ അന്വേഷണസംഘാംഗങ്ങള് വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തില് നടക്കാവ് പോലീസ് മൊഴിയെടുക്കാന് വിളിപ്പിച്ചപ്പോള് രജിത്ത് കുമാര് ഈ നടപടി ചോദ്യംചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്, കേസിന്റെ അന്വേഷണഘട്ടത്തില് പോലീസ് ചോദ്യംചെയ്യുന്നതിനെ വിലക്കാന് കഴിയില്ലെന്നും നിയമാനുസൃതമായ രീതിയിലുള്ള നടപടിക്രമങ്ങളോട് സഹകരിക്കണമെന്നുമാണ് കോടതി നിര്ദേശിച്ചത്. കഴിഞ്ഞദിവസം മാവൂര് റോഡിലെ ലോഡ്ജില്നിന്ന് ഗുരുവായൂരിലേക്കു പോകുന്നതിന് തൊട്ടുമുന്പ് 11,000 രൂപ എ.ടി.എമ്മില്നിന്ന് രജിത്ത് കുമാര് പിന്വലിച്ചിരുന്നു. ഇതുകൂടാതെ കോഴിക്കോട്ടുനിന്ന് മാറിനില്ക്കുന്നതിനുമുന്പ് ലോഡ്ജിന്റെ പേരുള്പ്പെടെ സുഹൃത്തിനോട് വെളിപ്പെടുത്തിക്കൊണ്ടാണ് ഗുരുവായൂരിലേക്കു പോയത്.
മാമിയെ 2023 ഓഗസ്റ്റ് 22-ന് ഉച്ചയ്ക്കുശേഷമാണ് കാണാതാവുന്നത്. താമസസ്ഥലമായ കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്ട്ട്മെന്റില്നിന്ന് 21-നാണ് അദ്ദേഹം ഇറങ്ങിയത്.
പിറ്റേദിവസം ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര് ഭാഗങ്ങളില് ഉണ്ടായിരുന്നതായി മൊബൈല്ഫോണ് ടവറില്നിന്ന് വ്യക്തമാണ്. മാമിയെ കാണാതാവുന്നതിനു തൊട്ടുമുന്പ് അദ്ദേഹവുമായി അവസാനമായി ആശയവിനിമയം നടത്തിയത് രജിത്ത് കുമാറാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതുസംബന്ധിച്ച കൂടുതല് ശാസ്ത്രീയ തെളിവുകള് ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
രജിത്ത് കുമാറിന്റെ ഭാര്യ സുഷാരയുടെ ഫോണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയപരിശോധനാഫലം വന്നാല് ഇതുസംബന്ധിച്ച് വ്യക്തത വരാനിടയുണ്ടെന്നാണ് പ്രതീക്ഷ.
Content Highlights: kozhikode mami missing case