'കുഴിച്ചിടാതെ മറ്റുവഴിയില്ലെന്ന് പറഞ്ഞു'; കൊന്നതല്ല, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് മുഖ്യപ്രതി

കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ഹേമചന്ദ്രന്‍ ജീവനൊടുക്കിയതാണെന്നും കേസിലെ മുഖ്യപ്രതി നൗഷാദ്. നിലവില്‍ വിദേശത്തുള്ള നൗഷാദ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് ഗള്‍ഫിലേക്ക് വന്നതെന്നും തിരിച്ചെത്തിയാല്‍ പോലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വീഡിയോയില്‍ പറഞ്ഞു.
താനും സുഹൃത്തുക്കളുമടക്കം 30-ഓളം പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ടായിരുന്നു. ഈ പണം തരാമെന്ന് പറഞ്ഞ് ഹേമചന്ദ്രന്‍ തങ്ങളെ പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, പണം കിട്ടില്ലെന്ന് മനസിലായപ്പോള്‍ ഹേമചന്ദ്രനില്‍നിന്ന് ഒരു കരാര്‍ എഴുതി ഒപ്പിട്ടുവാങ്ങി അയാളെ വീട്ടില്‍ കൊണ്ടുവിട്ടു. അയാളെ വീട്ടില്‍ കൊണ്ടുവിട്ടതിന്റെ ലൊക്കേഷന്‍ തെളിവ് പോലീസിന്റെ കൈയിലുണ്ട്. എന്നാല്‍, അതിനുപിന്നാലെ മൈസൂരുവില്‍നിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഹേമചന്ദ്രന്‍ തങ്ങളുടെ അടുത്തേക്ക് വന്നു. ഒരുദിവസം ബത്തേരിയിലെ വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. അയാള്‍ക്ക് ഭക്ഷണംവരെ താന്‍ വാങ്ങിനല്‍കി. അവിടെ കിടത്തി. എന്നാല്‍, രാവിലെ നോക്കുമ്പോള്‍ ഹേമചന്ദ്രന്‍ ആത്മഹത്യചെയ്തനിലയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി മനഃപൂര്‍വം അയാള്‍ അങ്ങോട്ടുവന്നതായിരുന്നു. രാവിലെ ഇത് കണ്ടപ്പോള്‍ താന്‍ സുഹൃത്തിനോട് പറഞ്ഞു. കുഴിച്ചിടുകയല്ലാതെ മറ്റുവഴിയില്ലെന്ന് സുഹൃത്തും പറഞ്ഞു. അങ്ങനെ തങ്ങള്‍ മൂന്നുപേരും കൊണ്ടുപോയി കുഴിച്ചിട്ടെന്നും നൗഷാദ് പറഞ്ഞു.
ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് നൗഷാദ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. എന്നാല്‍, ഹേമചന്ദ്രനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണ്. അയാള്‍ ആത്മഹത്യചെയ്തതാണ്. അതിനാല്‍ ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറല്ല. നല്ല സൗമ്യമായരീതിയില്‍ പൈസ വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. ഹേമചന്ദ്രനുമായി അത്രയും നല്ല സുഹൃദ്ബന്ധമായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
അതേസമയം, വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ മറ്റൊരു കുറിപ്പും കൂടി നൗഷാദ് പോസ്റ്റ് ചെയ്തു. ഗള്‍ഫില്‍വന്നത് വിസിറ്റിങ് വിസയില്‍ അല്ലെന്നും ജോബ് വിസയിലാണെന്നും പോലീസുകാര്‍ തന്നെ അങ്ങോട്ട് എത്തിക്കുന്ന സമയംകൊണ്ട് ജോലികഴിഞ്ഞ് അവിടെ തിരിച്ചെത്താനാകുമെന്നും ഇയാള്‍ കുറിപ്പില്‍ പറഞ്ഞു. ഹേമചന്ദ്രന്റെ ശരീരത്തിലുള്ള മുറിവുകള്‍ തങ്ങള്‍ മര്‍ദിച്ചതല്ല. ഹേമചന്ദ്രന്‍ ചിട്ടിനടത്തിപ്പുകാരനല്ല, കള്ളപ്പണ ഇടപാടുകാരനാണെന്നും ഇയാള്‍ ആരോപിച്ചു. ഇങ്ങനെ ചെയ്താല്‍ മതിയെന്ന ഐഡിയ പറഞ്ഞുതന്നത് അറസ്റ്റിലായ രണ്ടുപേരും അല്ല, നാലാമത്തെ ഒരാളാണെന്നും തന്റെ മൊബൈല്‍നമ്പര്‍ ഓഫാക്കിവെച്ചിട്ടില്ലെന്നും നൗഷാദ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജ്യോതിഷ് കുമാര്‍, ബി.എസ്. അജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഗള്‍ഫിലുള്ള നൗഷാദാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസ് പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടർന്നുള്ള അന്വേഷണമാണ് നാടകീയസംഭവവികാസങ്ങള്‍ക്കുശേഷം കൊലപാതകമാണെന്ന സൂചനയിലേയ്ക്കെത്തിയത്.
റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് കണ്ടെത്തല്‍. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. ഈ സ്ത്രീ ഹേമചന്ദ്രനുമായി നേരത്തേ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുള്‍പ്പെടെ മറ്റുചിലര്‍ കൂടി കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
Content Highlights: kozhikode hemachandran murder case: main accused posted a video in facebook