ഹേമചന്ദ്രന്റെ കൊലപാതകം: ഒന്നരമാസമായിട്ടും DNA ഫലമില്ല, അന്ത്യകർമം പോലും ചെയ്യാനായില്ല; പരാതി

#സ്വന്തംലേഖിക
കൊല്ലപ്പെട്ട ഹേമചന്ദ്രന്‍
കൊല്ലപ്പെട്ട ഹേമചന്ദ്രന്‍

കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഡിഎന്‍എ പരിശോധന ഫലം വൈകുന്നതിനെതിരെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതിനല്‍കി. ഇത്തരം കേസുകളില്‍ നാലുദിവസം കൊണ്ട് ഡിഎന്‍എ പരിശോധന ഫലം ലഭിക്കണം എന്നിരിക്കെ ഒന്നരമാസം കഴിഞ്ഞിട്ടും ഫലം ലഭിക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് ഹേമചന്ദ്രന്റെ ഭാര്യ സുബിഷ പരാതിനല്‍കിയത്. 

ഹേമചന്ദ്രന്റെ മക്കളുടേയും അമ്മയുടെയും ഡിഎന്‍എ സാമ്പിളുകളാണ് ആദ്യം പരിരോധനയ്ക്ക് എടുത്തത്. ഒരു മാസം കഴിഞ്ഞും ഫലം ലഭിക്കാതെ വന്നപ്പോള്‍ കുടുംബത്തിലെ ഒരു പുരുഷന്റെ സാമ്പിള്‍ കൂടി എടുക്കണം എന്ന് പറഞ്ഞു. അത് നല്‍കിയിട്ടും പരിശോധനാഫലം ലഭിക്കുന്നില്ല. ഫലം വൈകുന്നതില്‍ ആശങ്കയും പേടിയും ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹം കിട്ടാത്തതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. അന്ത്യകര്‍മ്മം ചെയ്താലെ വീട്ടുജോലി ചെയ്ത് ജീവിക്കുന്ന തനിക്ക് ജോലിക്ക് പോകാനാവൂ എന്നും സുബിഷയുടെ പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ വിട്ടുനല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും കുടുംബം പരാതിയില്‍ ആവശ്യപ്പെട്ടു.

ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നാടകീയസംഭവവികാസങ്ങള്‍ക്കുശേഷം കൊലപാതകമാണെന്ന സൂചനയിലേയ്ക്കെത്തിയത്.

റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് കണ്ടെത്തല്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദ്, ജ്യോതിഷ് കുമാര്‍, അജേഷ്, വൈശാഖ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. മുഖ്യപ്രതിയായ നൗഷാദിനെ വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോള്‍ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. 

Content Highlights: The family of Hemachandran, murdered in Wayanad, has filed a complaint over the delay in DNA test