ഹേമചന്ദ്രനെ കണ്ടെത്താനാവില്ലെന്ന് സന്ദേശം; പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം, ഒടുവിൽ പൂട്ടി പോലീസ്

കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട്ടെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെ വയനാട് ജില്ലയോട് അതിര്‍ത്തിപങ്കിടുന്ന തമിഴ്‌നാടിലെ ചേരമ്പാടി കാപ്പിക്കുടുക്കയിലെ റിസര്‍വ് വനത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം രാത്രിതന്നെ ഊട്ടി ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
മൃതദേഹം ഹേമചന്ദ്രന്റേതുതന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായി തുടയെല്ല് മജ്ജസഹിതം ശേഖരിച്ചിട്ടുണ്ട്. ഇത് അവിടെയെത്തി മെഡിക്കല്‍ കോളേജ് പോലീസ് ചൊവ്വാഴ്ച കൈപ്പറ്റും. ഈ സാംപിള്‍ കോടതിമുഖേന കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെത്തിക്കും. ഈ സാംപില്‍ ക്രോസ് മാച്ച് ചെയ്യുന്നതിന് ഹേമചന്ദ്രന്റെ അമ്മയുടെ രക്തസാംപിളും മക്കളുടെ രക്തസാംപിളും ശേഖരിച്ച് ഒപ്പംനല്‍കും. പരിശോധിച്ച്, മൃതദേഹം ഹേമചന്ദ്രന്റേതുതന്നെയാണെന്ന് സ്ഥിരീകരിച്ചാല്‍മാത്രമേ വീട്ടുകാര്‍ക്ക് കൈമാറി സംസ്‌കാരനടപടികള്‍ക്ക് വിട്ടുകൊടുക്കൂ.
ഹേമചന്ദ്രനെ കണ്ടെത്താനാവില്ലെന്ന് പ്രതികളുടെ വാട്സാപ്പ് സന്ദേശം
കോഴിക്കോട് : ഹേമചന്ദ്രന്‍ പലയിടത്തായി മാറിനില്‍ക്കുകയാണെന്ന വ്യാജേന പ്രതികള്‍ പോലീസിനെ മാസങ്ങളോളം കബളിപ്പിച്ചെങ്കിലും നാലുമാസംമുന്‍പാണ് കൊല ചെയ്യപ്പെട്ടതാണെന്ന രീതിയിലുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. മകള്‍ക്ക് ഹേമചന്ദ്രനെന്ന വ്യാജേന അയാളുടെ ഫോണില്‍നിന്ന് പ്രതികളിലൊരാള്‍ വിളിച്ച കോളാണ് ഇത് വെറും മിസിങ് കേസല്ല എന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്. അതിനുശേഷം പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളും പ്രതികള്‍ തമ്മില്‍ നടത്തിയ വാട്സാപ്പ് സന്ദേശങ്ങളുമാണ് കൊല്ലപ്പെട്ടതാണെന്ന സൂചനയിലെത്തിച്ചത്.
പലതവണ പ്രതികളെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. വിട്ടയച്ചിട്ടും നാട്ടിലേക്കു വരാതെ മാറിനില്‍ക്കുകയാണ് എന്നതില്‍ അവര്‍ ഉറച്ചുനിന്നു. പക്ഷേ, മൊഴികള്‍ കൂടുതല്‍ വിശകലനംചെയ്തപ്പോള്‍ ചില വൈരുധ്യങ്ങള്‍ കണ്ടെത്തി. അതിനുപുറമേ, തട്ടിക്കൊണ്ടുപോയ സമയത്തും അതിനുമുന്‍പും ഹേമചന്ദ്രന്റെ ഫോണ്‍കോളുകളുടെ എണ്ണത്തില്‍ വന്ന വ്യത്യാസങ്ങള്‍ പോലീസിന്റെ സംശയം ബലപ്പെടുത്താനിടയാക്കി. പക്ഷേ, ഈ സംശയം വളരെ രഹസ്യമായി വെച്ചു. പോലീസ് മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തുമ്പോെഴാന്നും കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിച്ചെന്ന് പ്രതികള്‍ തിരിച്ചറിയുന്ന ഒരു ചോദ്യംപോലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു മിസിങ് കേസ് തന്നെയാണെന്ന് പോലീസ് പ്രതികള്‍ക്കുമുന്നില്‍ വരുത്തിത്തീര്‍ത്തു. ഇത് പ്രതികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതുകൊണ്ട് ഹേമചന്ദ്രനെ കണ്ടെത്താനാവില്ലെന്ന് നൗഷാദും ജ്യോതിഷ് കുമാറും തമ്മില്‍ വാട്സാപ്പില്‍ സന്ദേശങ്ങളയക്കുന്നുണ്ടായിരുന്നു. ഇതെല്ലാം പോലീസ് കണ്ടെടുത്തു.
മെഡിക്കല്‍ കോളേജില്‍നിന്ന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചെങ്കിലും ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ് അന്വേഷണം പൂര്‍ത്തിയാക്കാനായി ഇവിടെത്തന്നെ തുടര്‍ന്നു. മികച്ച ശാസ്ത്രീയാന്വേഷണമാണ് ജിജീഷിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ എ. ഉമേഷ് അന്വേഷണം മുഴുവന്‍ ഏകോപിപ്പിച്ചു. മെഡിക്കല്‍ കോളേജ് എസ്‌ഐ മുരളി, സീനിയര്‍ സിപിഒ വിനോദ് റെമിനാസ്, സിപിഒമാരായ വിജീഷ് ഇരിങ്ങല്‍, ജിതിന്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷഹീര്‍ പെരുമണ്ണ, ഹാദില്‍ കുന്നുമ്മല്‍, ജിനീഷ് ചൂലൂര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: kozhikode hemachandran murder case