ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചെന്ന പരാതി വ്യാജമെന്ന് ഭാര്യ; സ്വയം മുറിവേൽപ്പിച്ചു,ഭർത്താവ് മുങ്ങി

.
.

കോഴിക്കോട്: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കാന്‍ശ്രമിച്ചെന്ന പരാതി തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഭാര്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം കാണിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയതായും തലക്കുളത്തൂര്‍ അന്നശ്ശേരി കോളിയോട്ടുതാഴം സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണമുണ്ടാക്കുന്നതിനിടയില്‍ ഭര്‍ത്താവ് പുറകിലൂടെ കത്തിയുമായിവന്ന് കഴുത്തിന് മുറുക്കിപ്പിടിച്ച് കൊല്ലാന്‍ശ്രമിക്കുകയായിരുന്നു. ഒരുവിധമാണ് അടുത്തവീട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്. പിന്നാലെ ഭര്‍ത്താവ് കൊലവിളിയുമായിയെത്തി. ആളുകള്‍ ഒടിക്കൂടിയതോടെ ഭര്‍ത്താവ് മുറിയില്‍ക്കയറി വാതിലടച്ചിരുന്നു.

കുറച്ചുകഴിഞ്ഞ് പുറത്തുവന്ന് വിവരമന്വേഷിക്കാനെത്തിയ തന്റെ സഹോദരന്റെ മകനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. വീണ്ടും മുറിയില്‍പ്പോയി സ്വയം ജനനേന്ദ്രിയം മുറിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ എലത്തൂര്‍ പോലീസിനോടും കൂടിനിന്നവരോടും ഭാര്യയാണ് ജനനേന്ദ്രിയം മുറിക്കാന്‍ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറയുകയായിരുന്നു. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ടാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയത്. കത്തികാണിച്ച് കൊല്ലാന്‍ശ്രമിച്ചതിന് എലത്തൂര്‍ പോലീസിലും പരാതിനല്‍കി.

ഒരുമാസംമുന്‍പ് ഭര്‍ത്താവ് തന്നെയും മകളെയും മര്‍ദിച്ചതിനെത്തുടര്‍ന്നുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ഭര്‍ത്താവില്‍നിന്ന് പീഡനമനുഭവിക്കുകയാണെന്നും വീട്ടമ്മ പറഞ്ഞു. മുഖ്യമന്ത്രി, ഡി.ജി.പി., പ്രതിപക്ഷനേതാവ്, വനിതാകമ്മിഷന്‍ എന്നിവര്‍ക്ക് പരാതിനല്‍കുമെന്നും അവര്‍ പറഞ്ഞു.

മൊഴിനല്‍കാതെ ഭര്‍ത്താവ് മുങ്ങി

എലത്തൂര്‍: ജനനേന്ദ്രിയം ഛേദിക്കാന്‍ ഭാര്യ ശ്രമിച്ചെന്ന പരാതി നല്‍കിയ ആള്‍ പോലീസിന് മൊഴിനല്‍കാതെ മുങ്ങി. തലക്കുളത്തൂര്‍ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്തെ മധ്യവയസ്‌കനായ ആളാണ് മൊഴിനല്‍കാതെ മുങ്ങിയത്. രണ്ടുതവണ വീട്ടിലും ആശുപത്രിയിലും എത്തിയിട്ടും പോലീസിന് ഇയാളെ കണ്ടെത്താനായില്ല. 

ആശുപത്രിവിട്ട ഇയാള്‍ വീട് അടച്ചു പോയെന്നാണ് വിവരം. ഫോണിലും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ജനനേന്ദ്രിയത്തിന് മുറിവേറ്റ് രക്തം വാര്‍ന്നനിലയില്‍ ഇയാളെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ മുറിവേല്‍പ്പിച്ചെന്ന് കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.

Content Highlights: kozhikode elathur genital chopping case