കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി; സാക്ഷിയായി മകൾ, പിന്നാലെ ഭർത്താവ് ആത്മഹത്യചെയ്തു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെത്തല്ലൂർ (പാലക്കാട്): കോട്ടോപ്പാടത്ത് കുടുംബവഴക്കിനിടെ വെട്ടേറ്റ് ഭാര്യയും പിന്നാലെ ഭർത്താവും മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. വീട്ടിൽ കുടുംബവഴക്ക് പതിവാണെങ്കിലും കൊലപാതകത്തിൽ അവസാനിക്കുമെന്ന് ബന്ധുക്കളും കരുതിയില്ല. നായാടിപ്പാറ പള്ളത്ത് ഉന്നതിയിൽ സുകുമാരൻ (45), ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴിന് ഇവർ തമ്മിൽ വഴക്കിടുകയും കത്തി കൊണ്ട് ദീപയുടെ കഴുത്തിൽ വെട്ടിയശേഷം സുകുമാരൻ സ്വയം കഴുത്തറുത്ത് മരിച്ചതായാണ് കണ്ടെത്തിയത്. സംഭവസമയം ഇവരുടെ 19 വയസ്സുള്ള മകൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് ഇവരെ തടഞ്ഞുനിർത്താൻ കഴിയുമായിരുന്നില്ല. ഇവരുടെ രണ്ടാമത്തെ മകൻ ഈ സമയം കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാൻ പോയതായിരുന്നു.

സുകുമാരനും ദീപയും പലകാരണങ്ങൾ പറഞ്ഞു വഴക്ക് പതിവാണെന്ന് പോലീസ് പറഞ്ഞു. ദീപ ഒരു മാസമായി പാലക്കാട്ടെ ഒരു വീട്ടിൽ ജോലിക്ക് പോയതായിരുന്നു. സംഭവത്തിനുമുൻപ്‌ സുകുമാരൻ ഇവിടെയെത്തി ദീപയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതാണെന്ന് പറയുന്നു. ശേഷം ഇവർ ഒരുമിച്ച് ബാങ്കിലേക്ക് പോയിരുന്നതായും പോലീസിന് വിവരങ്ങൾ കിട്ടിയിരുന്നു.

വായ്പ ആവശ്യത്തിനാവും ബാങ്കിലെത്തിയതെന്നാണ് നിഗമനം. വൈകീട്ട് ഇവർ തമ്മിൽ വീണ്ടും വഴക്കായി. വാക്ക് തർക്കത്തിനിടയിൽ ദീപയെ ചുമരിലേക്ക് തള്ളി കത്തി ഉപയോഗിച്ച് സുകുമാരൻ കഴുത്തിൽ വെട്ടിയെന്നാണ് പറയുന്നത്.

വഴക്ക് പതിവായിരുന്നതിനാൽ പരിസരത്തുള്ളവരും കാര്യമാക്കിയില്ല. വീട്ടിൽനിന്ന് അലറിവിളികേട്ടാണ് അടുത്തുള്ളവർ അപകടം തിരിച്ചറിയുന്നത്. രക്തത്തിൽ കിടന്ന ദീപയെ നാട്ടുകാരും അടുത്ത് താമസിക്കുന്ന ബന്ധുക്കളും ചേർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്നു സുകുമാരൻ സ്വയം കഴുത്തറുത്ത് മരിച്ചത്.

മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയശേഷം വൈകീട്ടോടെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

Content Highlights: Tragic incident involving a couple in Kottopadam, Chethallur., The wife was attacked during a domestic dispute, followed by the husband's suicide., Local police investigation confirms prior frequent disputes between the couple., The incident occurred while their daughter was at home., Post-mortem completed at Palakkad District Hospital.