നഗ്നവീഡിയോ ചിത്രീകരിച്ചു, മുട്ടിൽനിർത്തി നൃത്തം ചെയ്യിച്ചു; രാഷ്ട്രീയസ്വാധീനം പറഞ്ഞ് ഭീഷണിയും

കോട്ടയം: കോട്ടയം ഗവ.നഴ്‌സിങ് കോളേജിലെ റാഗിങ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ ജന്മദിനം ആഘോഷിച്ചത് വിവസ്ത്രനാക്കി ശരീരമാസകലം ക്രീംപുരട്ടി വായില്‍ ടൂത്ത്‌പേസ്റ്റ് കുത്തിനിറച്ച്. തുടര്‍ന്ന് മുട്ടില്‍ നിര്‍ത്തി നൃത്തം ചെയ്യിച്ചു. ഇത് ജി.എന്‍.എം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെക്കൊണ്ടുതന്നെ മൊബൈലില്‍ ചിത്രീകരിപ്പിച്ചു. പലദിവസങ്ങളിലും മുറിയില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി മുട്ടില്‍നിര്‍ത്തി നൃത്തം ചെയ്യിച്ചെന്നും പാട്ടുകള്‍ പാടിച്ചെന്നും കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു.
ചിത്രീകരിക്കുന്ന നഗ്‌നവീഡിയോകള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തും. പ്രതികളെ ഭയന്നാണ് രക്ഷിതാക്കളോടും കുട്ടികള്‍ പീഡനവിവരം പറയാതിരുന്നത്. ഒരു കുട്ടിയില്‍നിന്ന് മാസം മൂവായിരത്തിലധികം രൂപ ഭീഷണിപ്പെടുത്തി പിരിച്ചിരുന്നു. പണം നല്‍കിയില്ലങ്കില്‍ മര്‍ദ്ദിക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരാതിയായപ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഭീഷണിപ്പെടുത്തിയത് രാഷ്ട്രീയസ്വാധീനം പറഞ്ഞ്
കോട്ടയം: വിദ്യാര്‍ഥികള്‍ പീഡനവിവരം പുറത്തുപറയാതിരുന്നത് പ്രതികളുടെ രാഷ്ട്രീയസ്വാധീനം ഭയന്ന്. നഴ്‌സിങ് വിദ്യാര്‍ഥികളുടെ ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവരാണ് പ്രതികളെല്ലാം. കോളേജിലെ ഇടതുസംഘടനയില്‍പ്പെട്ട ചില ജീവനക്കാരും പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിരുന്നെന്നാണ് വിവരം. ഈ രാഷ്ട്രീയപിന്തുണയാണ് വിദ്യാര്‍ഥികള്‍ക്ക്, എന്തും ചെയ്യുന്നതിനുള്ള കരുത്തുനല്‍കിയത്. ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ മദ്യപാനവും ലഹരി ഉപയോഗവും ചില ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. ഹോസ്റ്റലില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാന്‍ കഴുത്ത് മുറിക്കുമെന്നും കോളേജിനകത്തും പുറത്തും തങ്ങളുടെ ആളുകളാണെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരോട് പറഞ്ഞു. ഭീഷണിമൂലമാകാം വിദ്യാര്‍ഥികള്‍ പരാതി പറയാതിരുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
Content Highlights: kottayam govt nursing college ragging birthday celebration of first year student turned to horror