'ഇനിയും കപ്പ വേണം'; കട നടത്തുന്ന വയോധികയുടെ മാല പൊട്ടിച്ചത് യുവാവും പെൺസുഹൃത്തും; പിടികൂടി പോലീസ്

#ന്യൂസ് ഡെസ്ക്
പ്രതികളായ വിഷ്ണു അനില്‍കുമാര്‍, ധന്യ
പ്രതികളായ വിഷ്ണു അനില്‍കുമാര്‍, ധന്യ

കോട്ടയം: ജീവിതത്തിൽ ആകെയുണ്ടായിരുന്ന സമ്പാദ്യമായിരുന്നു ലീലാമ്മയുടെ ആ രണ്ടര പവൻ മാല. ഇത് ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി നൽകാനായത് പോലീസിനും പൊൻതൂവലായി. കഴിഞ്ഞ മേയ് 25-ന് രാവിലെയാണ് വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ സ്വർണമാല സ്‌കൂട്ടറിൽ എത്തിയയാൾ പൊട്ടിച്ചെടുത്ത് കടന്നത്.

നിരവധി മോഷണകേസുകളിലെ പ്രതിയായ കുറിച്ചി ഇത്തിത്താനം വിഷ്ണുഭവൻ വിഷ്ണു അനിൽകുമാർ (36), സുഹൃത്ത് പനച്ചിക്കാട് പാത്താമുട്ടം വാലുചിറ ധന്യ (41) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

20 വർഷമായി ലീലാമ്മയും (59), ഭർത്താവ് രാജുവും (62) വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുകയാണ്.

സംഭവമിങ്ങനെ:- കടതുറന്ന് ഏറെക്കഴിയുംമുമ്പേ സ്‌കൂട്ടറിലെത്തിയ ആൾ ലീലാമ്മയോട് ചായ വാങ്ങി കുടിച്ചു. തുടർന്ന് കപ്പയും വാങ്ങി. മറ്റൊരാൾ വരാനുണ്ടെന്ന് പറഞ്ഞ് ഇയാൾ ഫോണിൽ സംസാരിച്ചും മറ്റും ഒരു മണിക്കൂറോളം മാറിനിന്നു. അല്പസമയത്തിനുശേഷം വീണ്ടും ആവശ്യപ്പെട്ടതോടെ കപ്പ എടുക്കാൻ ലീലാമ്മ കടയ്ക്കുപുറത്തിറങ്ങിയപ്പോൾ മാല പൊട്ടിച്ചെടുത്ത് കടന്നു.

ലീലാമ്മയും ഭർത്താവും പോലീസിന്റെ സഹായംതേടി. കേസെടുത്ത വാകത്താനം പോലീസ് വാകത്താനം, ചിങ്ങവനം, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഒരുസ്ഥലത്ത് ഹെൽമെറ്റ് ധരിച്ചയാൾ നീല സ്‌കൂട്ടർ നിർത്തി സ്ത്രീയെ കയറ്റിപോകുന്ന ദൃശ്യങ്ങളും ലഭിച്ചു. മേയ് 31-ന് വൈകുന്നേരത്തോടെ കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത് ഹെൽമെറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽനിന്ന് പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു.

തുടർന്ന് ഒപ്പമുള്ള സ്ത്രീയക്കുറിച്ചും അന്വേഷണം തുടങ്ങി. സ്ത്രീ പാമ്പൂരംപാറ സ്വദേശിനിയും പുതുപ്പള്ളി പെട്രോൾ പമ്പ് ജീവനക്കാരിയുമായ ധന്യയാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് വിഷ്ണു അനിൽകുമാറിലേക്കെത്തിയത്. വാകത്താനം ഇൻസ്‌പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ജോജി സെബാസ്റ്റ്യൻ, വി.സി. അനീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Content Highlights: Gold chain snatched from shop owner Leelamma on May 25, 2026., Suspects identified as Vishnu Anilkumar and Dhanya via CCTV analysis., Police tracked suspects from Vakathanam to Kottayam KSRTC bus stand., Swift police action led to the arrest and recovery within days.