ആഴ്ചകൾക്ക് മുമ്പ് പ്രണയവിവാഹം; പട്ടുകൊണ്ട് കാല് കെട്ടി, എല്ലാം നോക്കിനിന്ന് ഭർത്താവ്; ആരും അറിയാതിരിക്കാൻ പാട്ടുംവെച്ചു

കോട്ടയം: കോട്ടയത്ത് നവവധുവിനെ ആഭിചാരക്രിയ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭർത്താവിന്റെ സഹോദരിയാണ് ദൃശ്യങ്ങൾ പകർത്തിയത്. പെൺകുട്ടിയുടെ കാൽ കെട്ടിയിട്ട് മുടിമുറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ക്രൂരമായ പീഡനങ്ങൾക്കാണ് താൻ ഇരയായതെന്ന് പെൺകുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബ്ദം കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചായിരുന്നു മന്ത്രവാദം.
പെൺകുട്ടിയുടെ വിവാഹം നടന്നിട്ട് രണ്ടാഴ്ച തികയുന്നതേയുള്ളൂ. വിവാഹത്തിന് കുറച്ചു ദിവസം മുമ്പ് പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേർ മരിച്ചിരുന്നു. ഇവരുടെ ആത്മാക്കൾ പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ട് എന്ന് പറഞ്ഞാണ് ഭർതൃമാതാവ് ആഭിചാരക്രിയ നടത്താൻ പെൺകുട്ടിയെ നിർബന്ധിക്കുന്നത്. ആദ്യം മദ്യം നൽകി അബോധാവസ്ഥയിൽ ആക്കിയ ശേഷം രണ്ടുകാലും പട്ടുകൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് ബീഡി വലിപ്പിക്കുകയും അതുപയോഗിച്ച് പെൺകുട്ടിയുടെ മുഖത്ത് പൊള്ളലേൽപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
'ഒരു മന്ത്രവാദി വന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും എന്തെങ്കിലും കണ്ട് പേടിച്ചോ എന്ന് എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്കെന്തോ പ്രേത ഭൂതമൊക്കെ ഉണ്ടെന്ന്. എന്റെ ദേഹത്ത് ബാധയുണ്ട്, അത് ഒഴിപ്പിക്കാനെന്ന് പറഞ്ഞ് വെറ്റ, മദ്യം ഇതൊക്കെയായിരുന്നു അയാൾ ഒഴിച്ചു വെച്ചോണ്ടിരുന്നത്. മൂന്ന് വെറ്റയും പാക്കും വെച്ചിട്ട് പുള്ളി പറഞ്ഞു, എന്റെ വീട്ടുകാർ എന്തോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന്. അതുകൊണ്ടാണ് ഞാൻ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന്. അവിടെ മൂന്ന് പട്ട് വെച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് എന്റെ കാല് കെട്ടിവെച്ച് മന്ത്രങ്ങൾ ചൊല്ലി. എനിക്ക് ബാധയുണ്ട്, അതുകൊണ്ടാണ് ഞാൻ ദേഷ്യപ്പെടുന്നതെന്നാണ് അയാൾ പറഞ്ഞത്. ഞാനും എന്റെ കെട്ടിയോനു സംസാരിച്ചു കഴിഞ്ഞാൽ അത് എന്റെ ദേഹത്ത് ബാധയുണ്ടെന്നാണ് പറയുന്നത്. അമ്മായിമ്മയാണ് മന്ത്രവാദിയെ വിളിപ്പിച്ചത്. ആ സമയത്ത് എനിക്ക് ബോധം ഇല്ലായിരുന്നു. എന്നെക്കൊണ്ട് മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, നെറ്റിയിൽ പൊള്ളിച്ചു... അതിന്റെ പാടാണ് എന്ന് അവരാണ് പറഞ്ഞത്. എന്താണ് ഞാൻ കാണിച്ചതെന്ന് അറിയാവോ എന്ന് ചോദിച്ച് അവർ കാര്യങ്ങൾ പറഞ്ഞു. അമ്മായച്ഛനെ ഞാൻ തല്ലിയതൊക്കെ എനിക്ക് അറിയാവോ എന്ന് അവർ എന്നോട് ചോദിച്ചു. അതൊന്നും എനിക്ക് ഓർമ്മയില്ലായിരുന്നു. ആ പുള്ളി പട്ട് കെട്ടിക്കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്ന് എന്തോ കേറി വന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഭസ്മം കഴിപ്പിച്ചു. ആണിയിൽ ചുറ്റി മുടിമുറിപ്പിച്ചു. ബാധ പോകാനാണ് ഇതുപോലെ ചെയ്തതെന്നാണ് അവർ പറഞ്ഞത്'- കോട്ടയത്ത് ആഭിചാരക്രിയയ്ക്ക് ഇരയായ യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആഭിചാരക്രിയ നടത്തി നവവധുവിനെ മണിക്കൂറുകളോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ച കേസിൽ ഭർത്താവും ഭർതൃപിതാവും അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ലയ്ക്കു സമീപം പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവായ മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് വെള്ളിയാഴ്ച മണർകാട് പോലീസ് അറസ്റ്റുചെയ്തത്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് യുവാവും യുവതിയും. ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞുവരവേയാണ് സംഭവം. യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ടെന്ന് യുവാവിന്റെ അമ്മ പറഞ്ഞതനുസരിച്ച് തിരുവല്ല മുത്തൂർ സ്വദേശി ശിവൻ തിരുമേനി എന്ന് വിളിക്കുന്ന ശിവദാസ് കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തി. രാവിലെ 11 മുതൽ രാത്രി ഒൻപതുമണിവരെ നീണ്ട ആഭിചാരക്രിയകളാണ് നടത്തിയത്. ഇതിനിടെ യുവതിക്ക് മദ്യംനൽകിയശേഷം ബലമായി ബീഡിവലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയുംചെയ്തു.
യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് ഇവരുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. യുവാവിന്റെ അമ്മ ഒളിവിലാണ്.
മണർകാട് എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐ ആഷ് ടി.ചാക്കോ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിജേഷ്, സുബിൻ പി.സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്-3 എസ്. അനന്തകൃഷ്ണൻ മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
Content Highlights: Kottayam Bride Endures Horrific Ritual Abuse: Shocking Visuals Emerge