‘ആ കുട്ടി അയാളുടെ ബന്ധുവാണോ?’ വീണയുടെ സംശയത്തിൽ പിടിയിലായത് കൊടും ക്രിമിനൽ

പുനലൂർ: തീവണ്ടിയുടെ ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ആറുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ 46-കാരനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയത്തിൽ ഗാന്ധിനഗർ വടക്കേതിൽ സാനിഷാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതി പിടിയിലാകുന്നതിലേക്ക് നയിച്ചത് യാത്രക്കാരിയായ വീണയുടെ ഇടപെടലാണ്. വീണയ്ക്ക് തോന്നിയ സംശയമാണ് കൊടുംക്രിമിനലായ പ്രതിയെ കുടുക്കിയത്. ദൃശ്യങ്ങൾ പകർത്തിയതും നിർണായകമായി.
കൊല്ലം-ചെങ്കോട്ട പാതയിൽ പാലരുവി എക്സ്പ്രസ്സ് തീവണ്ടിയിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തെങ്കാശിയിൽനിന്ന് കുടുംബത്തോടൊപ്പം എടത്വാ പള്ളിയിൽ തീർത്ഥാടനം നടത്തി തിരിച്ചുപോകുമ്പോഴാണ് കുട്ടി അതിക്രമത്തിനിരയായത്. മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തൊട്ടടുത്ത കമ്പാർട്ട്മെന്റിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം കണ്ട, സമീപത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരിയായ വീണ വീഡിയോ ചിത്രീകരിക്കുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് പ്രതി അറസ്റ്റിലാകുന്നത്. ആ കുട്ടി അയാളുടെ ബന്ധുവാണോ എന്ന കാര്യത്തിൽ വീണയ്ക്കുണ്ടായ സംശയമാണ് ഇതിലേക്ക് നയിച്ചത്.
സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ
‘ഞാൻ മറ്റൊരാളെ തട്ടിയുണർത്തിയ ശേഷം അത് അയാളുടെ കുട്ടി തന്നെയാണോ എന്ന് ചോദിച്ചു. അത് അയാളുടെ കുട്ടിയല്ല എന്നാണ് മറുപടി പറഞ്ഞത്. ബന്ധുവാണോ എന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞു. അവർ നേരത്തേ തീവണ്ടിയിൽ ഉണ്ടായിരുന്നതായും അയാൾ കൊല്ലത്തുനിന്നാണ് കയറിയതെന്നും പറഞ്ഞു. അയാൾ കുഞ്ഞിനോട് പെരുമാറുന്ന രീതി ശരിയല്ലെന്ന് ഞാൻ തിരിച്ചുപറഞ്ഞു. അതുകേട്ടിട്ടും ആരും പ്രതികരിച്ചില്ല.’
‘അതേസമയം, ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രതിക്ക് മനസിലായി. ഞാൻ നോക്കുമ്പോഴൊക്കെ അയാൾ ഒന്നും അറിയാത്തതുപോലെ നിന്നു, കുഞ്ഞിനെ തലോടി. ഞാൻ ശ്രദ്ധിക്കുന്നതുകൊണ്ടാവും ഇങ്ങനെ ചെയ്യുന്നതെന്ന് കരുതി. പിന്നാലെ മൊബൈലിൽ വീഡിയോ എടുത്തു. തുടർന്ന് എന്താണ് ചെയ്യുന്നതെന്നും ഇത് തന്റെ കൂട്ടിയാണോയെന്ന് ചോദിക്കുകയും ചെയ്തു. തന്റെ കുട്ടിയല്ലെന്ന് പ്രതി പറഞ്ഞു. ബന്ധുവാണെന്നാണ് പറഞ്ഞത്. ഞാൻ ശബ്ദമുയർത്തി ചോദിച്ചതോടെ കംപാർട്ട്‌മെന്റിലെ ആളുകൾ ഉണർന്നു. പിന്നീട് കുട്ടിയുടെ ബന്ധുക്കൾ എത്തിയതോടെ ഇയാളെ പിടികൂടുകയായിരുന്നു’, യുവതി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ പ്രതി യുവതിയോട് തട്ടിക്കയറുകയും ചെയ്തു. താൻ ഒന്നും ചെയ്തിട്ടില്ലെന്നും നിങ്ങൾക്ക് എങ്ങനെയാണ് ഇത് തെളിയിക്കാനാവുകയെന്നും പ്രതി ചോദിച്ചു. കുഞ്ഞിനെ എടുത്തുകൊണ്ട് വന്ന് താലോലിക്കുകയാണ് ചെയ്തതെന്നാണ് പ്രതി പറഞ്ഞത്. എന്നാൽ, യുവതി സഹയാത്രക്കാരെയും രക്ഷിതാക്കളെയും ദൃശ്യങ്ങൾ കാണിച്ചതോടെ പ്രതിക്ക് പിടിച്ചുനിൽക്കാനായില്ല. പിന്നാലെ ദൃശ്യങ്ങൾ സഹിതം പോലീസിന് കൈമാറി.
എസ്എച്ച്ഒയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീലീപ്, പ്രേംകുമാർ, വിനോദ്കുമാർ, എം. രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ്, കണ്ണൻ, ഷാഫി, രതീഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ നേരത്തേയും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
Content Highlights: 46-year-old Sanish arrested for assaulting a minor on a train, Incident occurred on the Palaruvi Express between Kollam and Sengottai, Vigilant passenger Veena recorded the act and intervened, Accused abducted the child while she was sleeping next to her grandfather