സ്വവര്‍ഗാനുരാഗിയുടെ ഹര്‍ജി; സുഹൃത്തായ യുവതിയില്‍നിന്ന് ജഡ്ജി മൊഴിയെടുത്തു

കൊല്ലം: സ്വവര്‍ഗാനുരാഗിയായ യുവതിയുടെ ഹര്‍ജിയില്‍, വീട്ടുതടങ്കലിലാണെന്ന് ആരോപിക്കപ്പെട്ട സുഹൃത്തായ യുവതിയില്‍നിന്നു ബുധനാഴ്ച കൊല്ലം കുടുംബകോടതി ജഡ്ജി അജികുമാര്‍ മൊഴിയെടുത്തു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മൊഴി രേഖപ്പെടുത്തല്‍.
പരസ്പരം ഇഷ്ടപ്പെട്ട് ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്ന യുവതിയെ വീട്ടുകാര്‍ തടങ്കലിലാക്കിയിരിക്കുകയാണെന്നാരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയാണ് ഹര്‍ജി നല്‍കിയത്. തടങ്കലിലാണെന്നുപറയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി മുദ്രവെച്ച കവറില്‍ നല്‍കാനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിട്ടത്.
17-നാണ് ഇനി കേസ് പരിഗണിക്കുന്നത്. യുവതിയുടെ ആഗ്രഹം എന്താണെന്നും വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണോയെന്നും ചോദിച്ചറിയാനാണ് കോടതി നിര്‍ദേശിച്ചത്.
യുവതി സ്വതന്ത്രയായും നീതിപൂര്‍വമായുമാണ് വിവരങ്ങള്‍ നല്‍കുന്നതെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. രക്ഷിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പമാണ് മൊഴിരേഖപ്പെടുത്താന്‍ യുവതി കോടതിയിലെത്തിയത്.
വൈകീട്ട് അഞ്ചിന് തുടങ്ങിയ മൊഴിരേഖപ്പെടുത്തല്‍ ഏഴുവരെ നീണ്ടു. സുപ്രീംകോടതി ഇ-കമ്മിറ്റി അംഗവും ജില്ലാ ജഡ്ജിയുമായ സലീന വി.ജി.നായര്‍ ഓണ്‍ലൈനിലും സംസാരിച്ചു. ജനുവരി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. യുവതികള്‍ ഒന്നിച്ചുപഠിച്ചവരാണ്.
ഒരാള്‍ ജിം ഇന്‍സ്ട്രക്ടറും മറ്റേയാള്‍ സംഗീതത്തില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. ചെറുപ്പംമുതലേ അടുപ്പക്കാരായ യുവതികളെ പിരിയാന്‍ പ്രേരിപ്പിക്കുന്നതായി തോന്നിയതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരി കോടതിയെ സമീപിക്കുകയായിരുന്നെന്ന്, ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ലൂക്ക് ജെ.ചിറയില്‍ പറഞ്ഞു. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ആദ്യം നല്‍കിയത്.
അതില്‍ തടവിലാക്കപ്പെട്ടെന്നു പറയുന്ന യുവതിക്ക് കൗണ്‍സലിങ് നല്‍കണം എന്നതടക്കമായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അടങ്ങിയ ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട്. ഇത് കുറ്റകരമായി കണക്കാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ലൈംഗികാഭിമുഖ്യം സ്വാഭാവികമായ ഒന്നാണെന്നും അതില്‍ വ്യക്തികള്‍ക്ക് നിയന്ത്രണമില്ലെന്നും അന്ന് വിലയിരുത്തിയിരുന്നു. അഭിഭാഷകരായ സതീഷ് ശ്രീധര്‍നാഥ്, അമല്‍ജോസ്, എല്‍സാ മേരി തോമസ് എന്നിവരും ഹര്‍ജിക്കാരിക്കുവേണ്ടി ഹാജരായി.
Content Highlights: kollam homosexual woman case