കൊടുവള്ളിയിലെ സ്വർണക്കവർച്ച: 1.2 കിലോ സ്വര്‍ണം കണ്ടെടുത്തു; അന്വേഷണത്തിന് പ്രത്യേകസംഘം

കോഴിക്കോട്: കൊടുവള്ളിയിലെ സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്.പി. നിധിന്‍ രാജ് അറിയിച്ചു. നടന്നത് ആസൂത്രിത കവര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതി കൊടുവള്ളിയിലെ ജ്വല്ലറി വര്‍ക്ക്സ് ഉടമ രമേശില്‍നിന്ന് 1.2 കിലോ സ്വര്‍ണം പിടികൂടി. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള വിപിന്‍, ഹരീഷ്, വിമല്‍ എന്നീ പ്രതികളേയും ഈ സംഘത്തെ രമേശിന് പരിചയപ്പെടുത്തിക്കൊടുത്ത ലതീഷിനെയും അറസ്റ്റ് ചെയ്തെന്നും എസ്.പി. അറിയിച്ചു. ക്വട്ടേഷന്‍ സംഘാംഗമായ തൃശ്ശൂര്‍ സ്വദേശി സിനോയിയെ കൂടി കേസില്‍ പിടികൂടാനുണ്ട്.
പ്രതികള്‍ പിടിയിലായത് തൃശ്ശൂരില്‍ വെച്ചാണെന്നും ശാസ്ത്രീയ അന്വേഷണവും തക്കസമയത്തെ ഇടപെടലും പ്രതികളെ പിടികൂടാന്‍ സഹായകമായെന്നും എസ്.പി. പറഞ്ഞു. ക്വട്ടേഷൻ നല്‍കിയ 12 ലക്ഷം രൂപയും മോഷണംപോയ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും പ്രതികളില്‍നിന്ന് കണ്ടെത്തി. പാലക്കാട് സ്വദേശിയും ജ്വല്ലറി വര്‍ക്സ് ഉടമയുമായ രമേശും ലതീഷും സുഹൃത്തുക്കളാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എസ്.പി. അറിയിച്ചു.
Content Highlights: Specials investigation team in Koduvally gold robbery case