കൊച്ചി കൂട്ടബലാത്സംഗം: യുവതിയെ വിളിച്ചുവരുത്തിയത് ജോലി ലഭിച്ചതിന്റെ പാർട്ടിക്കെന്ന പേരിൽ; പ്രതിപ്പട്ടികയിൽ ഒരു സ്ത്രീയും

കൊച്ചി: ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരു സ്ത്രീകൂടി പ്രതിയാണെന്ന് പോലീസ്. ഇവർ സ്ത്രീയാണോ ട്രാൻസ്‌ജെൻഡറാണോ എന്ന സംശയമുണ്ടെന്നും പോലീസ് പറയുന്നു. ഇവരുടെ പേര് അതിജീവിത പോലീസിനോട് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
സ്പായിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് യുവതി പ്രതികളെ ബന്ധപ്പെട്ടത്. തുടർന്ന് അഭിമുഖത്തിനായി ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് യുവതിയെ വിളിപ്പിച്ചു. പിന്നീട് അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ടുവെന്നും വൈകീട്ട് പാർട്ടിയുണ്ടെന്നും പറഞ്ഞ് യുവതിയെ വീണ്ടും വിളിച്ചുവരുത്തി. പ്രതിയായ സ്ത്രീയാണ് യുവതിയെ വിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരും പാർട്ടിക്കുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്.
വീണ്ടും ലോഡ്ജിലെത്തിയ യുവതിക്ക് അവിടെയുണ്ടായിരുന്ന സ്ത്രീ മദ്യത്തിൽ എന്തോ ചേർത്ത് നൽകി. തുടർന്ന് യുവതി അബോധാവസ്ഥയയിലായി. പിന്നാലെയാണ് പ്രതികൾ ലൈംഗികാതിക്രമം നടത്തിയത്. പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് താൻ ലൈംഗിക പീഡനത്തിന് വിധേയയായതായി യുവതി മനസിലാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കാനുള്ള വിശദമായ അന്വേഷണത്തിലാണ് പോലീസ്.
Content Highlights: Kochi City Police Chief Kaliraj Mahesh Kumar confirmed a woman is among the accused in the Edappally gang-rape case, having lured the victim back to the lodge with news of her selection and a celebration.