കാണാതായ മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍, മരണത്തിന് ഏഴാണ്ട്; എങ്ങുമെത്താതെ അന്വേഷണം

പിറവം: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണം എങ്ങുമെത്താതെ മിഷേലിന്റെ ഏഴാം ചരമ വാര്‍ഷികവും കടന്നുപോയി. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കൊച്ചിയില്‍ കാണാതായത്.
പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായിരുന്നു മിഷേല്‍ ഷാജി. എറണാകുളം കച്ചേരിപ്പടിയിലെ സെയ്ന്റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സ്വകാര്യ കോളേജില്‍ സി.എ. പഠിക്കുകയായിരുന്നു മിഷേല്‍.
സംഭവ ദിവസം വൈകീട്ട് അഞ്ചിന് കലൂര്‍ സെയ്ന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകീട്ട് ആറുമണിയോടെ ഐലന്‍ഡ് വാര്‍ഫില്‍നിന്ന് മിഷേലിന്റെ മൃതദേഹം കണ്ടു കിട്ടുകയും ചെയ്തു.
മകളെ ആരോ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാരുടെ പരാതി. പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പുമുണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുമില്ല. കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഇതിനായി അവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlights: kochi mishel shaji death anniversary