പോലീസെത്തിയത് യൂട്യൂബറുടെ സുഹൃത്തിനെ പിന്തുടർന്ന്; ഫ്‌ളാറ്റിൽ MDMA; 24 മണിക്കൂറിൽ രണ്ട് ലഹരിവേട്ട

യാസര്‍ അറഫാത്തും റിന്‍സിയും | Screengrab: Mathrubhumi News & Instagram
യാസര്‍ അറഫാത്തും റിന്‍സിയും | Screengrab: Mathrubhumi News & Instagram

കൊച്ചി:  നഗരത്തില്‍ 24 മണിക്കൂറിനിടെ രാസലഹരിയുമായി പിടിയിലായത് നാലുപേര്‍. യൂട്യൂബറായ റിന്‍സി മുംതാസ്, ഇവരുടെ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്ത് എന്നിവരെ പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍നിന്നും ഐടി ജീവനക്കാരായ ശിവജിത്ത് ശിവദാസ്, ഫരീദ എന്നിവരെ പള്ളിമുക്കിലെ ലോഡ്ജില്‍നിന്നുമാണ് പിടികൂടിയത്. 

റിന്‍സി മുംതാസിന്റെ ഫ്‌ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പോലീസ് സംഘം ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. 

കോഴിക്കോട് സ്വദേശിയാണ് യാസര്‍ അറഫാത്ത്. ഇരുവര്‍ക്കും എവിടെനിന്നാണ് ലഹരിമരുന്ന് ലഭിച്ചത്, ഇതിന്റെ വില്‍പ്പനക്കാര്‍ ആരൊക്കെയാണ് തുടങ്ങിയവിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ രണ്ടുപേരെയും വ്യാഴാഴ്ച കാക്കനാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 

ഇന്‍സ്റ്റഗ്രാമില്‍ സിനിമാ പ്രൊമോഷന്‍ സംബന്ധമായ പോസ്റ്റുകളുമായി സജീവമായിരുന്നു റിന്‍സി മുംതാസ്. ഒരു സ്വകാര്യസ്ഥാപനത്തില്‍ ക്രിയേറ്റിവ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവിയായി ജോലിചെയ്യുകയാണെന്നാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം, യുവതിയെ ജോലിയില്‍നിന്ന് പുറത്താക്കിയതായി ഈ സ്ഥാപനം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

ഐടി ജീവനക്കാരായ ശിവജിത്ത് ശിവദാസ്, ഫരീദ എന്നിവരെ പള്ളിമുക്ക് ഇലക്ട്രോണിക് സ്ട്രീറ്റിലെ ഒരു ലോഡ്ജില്‍നിന്ന് എക്‌സൈസ് സംഘമാണ് പിടികൂടിയത്. ശിവജിത്ത് ശിവദാസ് മൂവാറ്റുപുഴ സ്വദേശിയാണ്. ഫരീദ ലക്ഷദ്വീപ് സ്വദേശിയും. ഇവരില്‍നിന്ന് നാല് ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. ഈ കേസിലും എക്‌സൈസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Content Highlights: Four individuals, including YouTuber Rincy Mumthas, arrested in Kochi for possessing MDMA