കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കിലാക്കിയെന്ന് ജോര്‍ജിന്റെ മൊഴി

കൊച്ചി: കോന്തുരുത്തിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കസ്റ്റഡിയിലെടുത്ത ജോര്‍ജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയാണ് ജോര്‍ജിന്റെ വീടിന് മുന്നിലെ വഴിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിലായി മദ്യലഹരിയില്‍ ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ ചുരുളഴിഞ്ഞത്.
വെള്ളിയാഴ്ച രാത്രിയാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. ഇതിനുശേഷം ഇരുവരും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ചുറ്റിക കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴിയെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. എന്നാല്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ പലരും ഇയാളെ പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു.
ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നത്. മൃതദേഹത്തില്‍ പരിക്കുണ്ടായിരുന്നതായും അര്‍ധനഗ്‌നയായ നിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.
ചാക്കില്‍ കെട്ടിയ മൃതദേഹത്തിന് സമീപം തലയില്‍ കൈവെച്ച് ഇരിക്കുന്ന ജോര്‍ജിനെയാണ് സ്ഥലത്തെത്തിയവര്‍ ആദ്യം കണ്ടത്. ഇയാള്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. ജോര്‍ജ് ഹോം നഴ്സായി ജോലി ചെയ്തിരുന്നയാളാണ്. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മദ്യപിക്കുന്നയാളാണെങ്കിലും ഇതുവരെ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Police confirm murder after woman`s body discovered in a sack in Kochi. Suspect confesses to killing a sex worker over financial dispute. Read details.