ഒന്ന് പൊട്ടിയാൽ മരണം ഉറപ്പ്;വിഴുങ്ങിയത് 200 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ, യുവതിയുടെ വയറ്റിൽ ഇനിയും ബാക്കി

പിടിച്ചെടുത്ത മയക്കുമരുന്ന്, അറസ്റ്റിലായ ഒമരി ജോങ്കോ
പിടിച്ചെടുത്ത മയക്കുമരുന്ന്, അറസ്റ്റിലായ ഒമരി ജോങ്കോ

നെടുമ്പാശ്ശേരി: കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കന്‍ സ്വദേശികളായ സ്ത്രീയും പുരുഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റ് പിടികൂടിയത്. നൂറോളം ഗുളികകളുടെ രൂപത്തില്‍ 1.945 കിലോ കൊക്കെയിനാണ് ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്തത്. 19 കോടി രൂപ വില വരും. വെറോനിക്കയുടെ ശരീരത്തിലും രണ്ട് കിലോയോളം കൊക്കെയിന്‍ ഉണ്ടെന്നാണ് സൂചന. ഇതുവരെ 1.8 കിലോ പുറത്തെടുത്തെന്നാണ് വിവരം.

16-ന് എത്യോപ്യയില്‍നിന്ന് ദോഹ വഴി ബിസിനസ് വിസയില്‍ കൊച്ചിയിലെത്തിയതാണിവര്‍. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല.

ഒരാഴ്ചകഴിഞ്ഞിട്ടും മുഴുവന്‍ പുറത്തെത്തിയില്ല

ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരാഴ്ചകൊണ്ടാണ് ഒമരിയുടെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ പൂര്‍ണമായും പുറത്തെടുത്തത്. ഗുളികകളെല്ലാം പുറത്തെടുത്ത് തീരാത്തതിനാല്‍ വെറോനിക്ക ഇപ്പോഴും ആശുപത്രിയിലാണ്. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിപ്പിച്ച് വയറിളക്കിയാണ് പുറത്തെടുക്കുന്നത്.

കൊക്കെയിനില്‍ ആഫ്രിക്കന്‍ തീക്കളി....

ടി.ജെ.ശ്രീജിത്ത് 

കൊച്ചി: ടാന്‍സാനിയയില്‍നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ സ്വദേശി വിഴുങ്ങി എത്തിച്ചത് നൂറ് കൊക്കെയിന്‍ കാപ്സ്യൂളുകള്‍. ഒപ്പം പിടിയിലായ ആഫ്രിക്കന്‍ വനിതയും നൂറോളം കാപ്സ്യൂളുകള്‍ വിഴുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ കാപ്സ്യൂളുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ വൈകുന്നു. പുരുഷന്റെ വന്‍കുടലിലും ചെറുകുടലിലുമായി കണ്ടെത്തിയത് രണ്ടു കിലോയോളം തൂക്കം വരുന്ന കാപ്സ്യൂളുകള്‍. ഒരാഴ്ചയെടുത്തു ഇത് പുറത്തെടുക്കാന്‍. ഇതിലേതെങ്കിലും കാപ്സ്യൂള്‍ പൊട്ടി കൊക്കൈന്‍ ശരീരത്തിനുള്ളിലെത്തിയാല്‍ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും കോടികളുടെ ലാഭം മോഹിച്ചാണ് ഇവര്‍ 'ഹൈ റിസ്‌ക്' എടുത്തത്.

ടാന്‍സാനിയയില്‍നിന്നുതന്നെ കൊക്കെയിന്‍ വിഴുങ്ങിയ ശേഷമാണ് ഇവര്‍ വിമാനം കയറിയത്. എത്യോപ്യ വഴി ദോഹയിലിറങ്ങിയ ശേഷം കൊച്ചിയിലേക്ക് വിമാനം കയറി. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളില്‍ എത്തുന്ന ആഫ്രിക്കന്‍ സ്വദേശികളെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് പുറത്തേക്കു വിടുക. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊച്ചിയില്‍ കാര്യമായ പരിശോധനയുണ്ടാകില്ലെന്നാണ് ഇവര്‍ കരുതിയത്. കേരളത്തിലെ തിരക്കേറിയ വിമാനത്താവളമാണ് കൊച്ചി എന്നതിനാല്‍ സുഗമമായി പുറത്തുകടക്കാം എന്നും ഇവര്‍ കരുതി. എന്നാല്‍, ഡി.ആര്‍.ഐ.ക്ക് ഇവര്‍ വരുന്നതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു.

ആശുപത്രി വാസം ഒരാഴ്ചയിലേറെ

കൊച്ചി വിമാനത്താവളത്തില്‍ 16-ന് എത്തിയ ഇവരെ ഡി.ആര്‍.ഐ. സംഘം പിടികൂടിയെങ്കിലും കൊക്കെയിന്‍ വിഴുങ്ങിയത് ഇവര്‍ സമ്മതിച്ചില്ല. ദേഹപരിശോധനയിലും ഒന്നും ലഭിച്ചില്ല. വിദേശ പൗരന്‍മാരായതിനാല്‍ എക്‌സ്റേ പരിശോധന നടത്തണമെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണം. അനുമതി വാങ്ങി ഇരുവരുടെയും സി.ടി. സ്‌കാനെടുത്തപ്പോഴാണ് കാപ്സ്യൂളുകള്‍ ഉള്ളില്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് മജിസ്ട്രേറ്റിനു നല്‍കി കാപ്സ്യൂളുകള്‍ പുറത്തെടുക്കാന്‍ കസ്റ്റഡിയില്‍ വാങ്ങി. ആശുപത്രിയിലെത്തിച്ച് പഴവര്‍ഗങ്ങള്‍ നല്‍കിയാണ് മലത്തിലൂടെ കാപ്സ്യൂളുകള്‍ പുറത്തെടുക്കുന്നത്. സാധാരണഗതിയില്‍ കാപ്സ്യൂളുകളുടെ എണ്ണം കുറവാണെങ്കില്‍ രണ്ടോ മൂന്നോ ദിവസമേ എടുക്കൂ പുറത്തെത്താന്‍. ആളുകളുടെ ആരോഗ്യസ്ഥിതിയും ഇതില്‍ ബാധകമാകും. നൂറോളം കാപ്സ്യൂളുകളായതിനാല്‍ ടാന്‍സാനിയക്കാരനില്‍നിന്നു പുറത്തെത്താന്‍ ഒരാഴ്ചയെടുത്തു. ഒപ്പമുള്ള രോഗിയായ വനിതയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കുറേശ്ശെയാണ് പഴവര്‍ഗങ്ങള്‍ നല്‍കുന്നത്. ഇനിയും ഒരു കാപ്സ്യൂള്‍ കൂടി ഇവരില്‍നിന്നു പുറത്തു വരാനുണ്ട്.

വിഴുങ്ങുന്നത് പിടിക്കപ്പെടാതിരിക്കാന്‍

വിപണിയില്‍ കൊക്കെയിനിന് കിലോയ്ക്ക് ഒന്‍പത് കോടിയിലേറെ വില വരുന്നതിനാല്‍ ഒരു കാരണവശാലും പിടിക്കപ്പെടരുത് എന്നതിനാലാണ് വിഴുങ്ങുന്നത്. ദഹിക്കാതിരിക്കാന്‍ പോളിത്തീന്‍ ആവരണം കാപ്സ്യൂളുകള്‍ക്കുണ്ട്. പക്ഷേ, ഇതിലേതെങ്കിലും ഒന്ന് പൊട്ടി മില്ലിഗ്രാം പോലും ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണ്. കൊക്കെയിന്‍ നല്‍കുന്ന സംഘത്തിനും കൊണ്ടുവരുന്ന ഇവര്‍ക്കും വലിയ ലാഭമാണ് കിട്ടുക. കാരിയര്‍ക്ക് വിപണി വിലയുടെ 10 ശതമാനം വരെ കമ്മിഷന്‍ കൊടുക്കുന്ന അന്താരാഷ്ട്ര ലഹരി സംഘങ്ങളുണ്ട്.

ലക്ഷ്യം ഡല്‍ഹിയും മുംബൈയും

കൊച്ചിയിലിറങ്ങിയ ശേഷം ആഭ്യന്തര വിമാനത്തില്‍ ഡല്‍ഹിയിലോ മുംബൈയിലോ എത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആഫ്രിക്കന്‍ ലഹരിമാഫിയ സംഘങ്ങള്‍ ഇവിടങ്ങളില്‍ സജീവമാണ്. ഇവിടെ നിന്നാണ് റോഡ് മാര്‍ഗം ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കൊക്കെയിന്‍ എത്തുന്നത്.

കൊച്ചിയില്‍ കൊക്കെയിന്‍ പിടിച്ചത് രണ്ട് മാസത്തിനിടെ ഇത് രണ്ടാം വട്ടം

പി.പി. ഷൈജു

നെടുമ്പാശ്ശേരി: രണ്ട് മാസത്തിനിടെ ഇത് രണ്ടാം വട്ടമാണ് കോടികള്‍ വിലമതിക്കുന്ന കൊക്കെയിന്‍ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടുന്നത്. ഏപ്രില്‍ 19-ന് എത്യോപ്യയില്‍നിന്ന് മസ്‌കറ്റ് വഴി എത്തിയ കെനിയന്‍ സ്വദേശി കരഞ്ച മൈക്കിള്‍ നംഗ 6.68 കോടി രൂപ വില വരുന്ന 668 ഗ്രാം കൊക്കെയിനുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. അന്നും രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി ഇയാളെ പിടികൂടിയത്. അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരാഴ്ചത്തെ ശ്രമഫലമായാണ് അന്നും കൊക്കെയിന്‍ ഗുളികകള്‍ പുറത്തെടുത്തത്. 50 ഗുളികകളാണ് ഇയാള്‍ വിഴുങ്ങിയിരുന്നത്.

ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രോളി ബാഗിനടിയില്‍ പ്രത്യേകം അറയുണ്ടാക്കി മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ പൊതുവേ സ്വീകരിച്ചിരുന്നത്. മുംബൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാന്‍ തുടങ്ങിയതോടെയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്.

കൊച്ചിയില്‍ വന്നിറങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആഗമന ലക്ഷ്യം, വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ തുടങ്ങിയവ പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം.

Content Highlights: kochi dri cocaine case more details