ലക്ഷങ്ങൾ നൽകി കാനഡയിൽ ജോലി, എത്തിയത് കൊച്ചിയിലെ തടങ്കലിൽ;കനേഡിയൻ നഗരങ്ങളുടെ ഫ്‌ളക്‌സടിച്ച് തട്ടിപ്പ്

കൊച്ചി: കാനഡ വിസയ്ക്കായി ലക്ഷങ്ങൾ വാങ്ങിയ ശേഷം എറണാകുളം ചേരാനെല്ലൂരിൽ രഹസ്യമായി തടങ്കലിൽ പാർപ്പിച്ചിരുന്ന ഏഴ് മറുനാട്ടുകാരെ കൊച്ചി സിറ്റി പോലീസ് രക്ഷപ്പെടുത്തി. ചേരാനെല്ലൂർ സിഗ്‌നലിന് സമീപം മുണ്ട്യാത്ത് റോഡിലെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞ ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. പോലീസ് എത്തുമ്പോൾ എല്ലാവരും അവശനിലയിലായിരുന്നു.
തടവിൽ നിന്ന് രക്ഷപ്പെട്ട കർണാടക സ്വദേശി വ്യാഴാഴ്ച രാവിലെ 11-മണിയോടെ ചേരാനെല്ലൂർ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെയാണ് രഹസ്യകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. ഒരാൾ രക്ഷപ്പെട്ടതറിഞ്ഞ് സംഘത്തിലെ 11-പ്രതികൾ പോലീസെത്തും മുൻപ് പണവും മറ്റ് സാധനങ്ങളുമായി മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെസ്റ്റ് ബംഗാൾ സിലിഗുരി സ്വദേശി അബ്ദുൽ റഹീമിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തു. റഹീമിന്റെ പക്കൽനിന്നും ഇരകളുടെ മൊബൈൽ ഫോൺ, പാസ്പോർട്ട്, ഒരു ലക്ഷത്തോളം രൂപ എന്നിവ കണ്ടെടുത്തു.
കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷം രൂപ വരെ പ്രതികൾ വാങ്ങിയിരുന്നു. എല്ലാവരെയും കാനഡയിൽ എത്തിക്കാമെന്നായിരുന്നു കരാർ. എന്നാൽ വിസ നൽകാതെ ചേരാനെല്ലൂരുള്ള വാടകവീട്ടിൽ കൊണ്ടുവന്ന് ഇവരെ തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇരകളെല്ലാം കാനഡയിൽ എത്തി എന്ന് വരുത്തി വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി പിന്നിൽ കാനഡയിലെ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഉള്ള ഫ്‌ലെക്സ് സ്ഥാപിച്ച ശേഷം ഓരോ ആളുകളെയും നിർത്തി വീഡിയോ എടുത്തിരുന്നു. എല്ലാവരും കാനഡയിൽ എത്തി എന്ന് ഭീഷണിപ്പെടുത്തി പറയിപ്പിച്ച് വീഡിയോ അവരുടെ നാട്ടിലെ ബന്ധുക്കൾക്ക് അയച്ചുകൊടുത്താണ് പണം പ്രതികൾ കൈക്കലാക്കിയിരുന്നത്.
ഇരകളായവർക്കെല്ലാം 8-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഹിന്ദി സംസാരിക്കുന്നവരെ കൊച്ചിയിൽ പാർപ്പിച്ചത് ആരെങ്കിലും രക്ഷപ്പെട്ടാലും ഭാഷ പ്രശ്നമായതിനാൽ വിവരം പുറത്ത് പറയില്ലെന്ന് കരുതിയാണെന്നും പോലീസ് കരുതുന്നു. ഇരകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നാട്ടിലേക്ക് പറഞ്ഞയച്ചു.
മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്. അബ്ദുൽ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി സിറ്റി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
ചേരാനെല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുനിൽ ജി,. ചൈതന്യ, സാബു, എ.എസ്.ഐ. നസീർ, മനോജ്, എസ്.സി.പി.ഒ. തോമസ് ജോർജ്, ബിമൽ, ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കാനഡയിലെ ചിത്രങ്ങൾക്ക് മുന്നിൽ നിർത്തി ഇരകളുടെ വീഡിയോ എടുത്ത് തട്ടിപ്പ്
Content Highlights: Seven individuals rescued from illegal detention in Cheranallur, Kochi., Perpetrators used fake Canada-themed backdrops to deceive families., Victims were coerced into recording videos to extort money., Main suspect Abdul Rahim arrested; others are currently at large., Police investigating potential cross-state connections of the fraud ring.