പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച സംഭവം; പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയം, രക്തസാമ്പിൾ പരിശോധനയ്ക്കയച്ചു

#സ്വന്തം ലേഖകൻ
അക്രമാസക്തനായ മുഹമ്മദ് ഇക്ബാൽ
അക്രമാസക്തനായ മുഹമ്മദ് ഇക്ബാൽ

കൊച്ചി: കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച രാത്രിയാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ അജിത് പോളിന് അക്രമാസക്തനായ പ്രതിയുടെ കടിയേറ്റത്. സംഭവത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലിനെ (25) പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ എറണാകുളം നോർത്ത് റെയിൽവേ ഓവർബ്രിഡ്ജിന് സമീപമുള്ള നടപ്പാലത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ബഹളമുണ്ടാക്കിയതിനാണ് നോർത്ത് പോലീസ് ഇക്ബാലിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം ഇയാൾ ഉദ്യോഗസ്ഥർക്കുനേരെ അസഭ്യവർഷം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് നടപടികൾ പൂർത്തിയാക്കി വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ അക്രമാസക്തനാവുകയും ഡ്രൈവർ അജിത് പോളിന്റെ കൈ കടിച്ചുമുറിക്കുകയും ചെയ്തത്.

സംഭവത്തിൽ പ്രതിക്കെതിരെ രണ്ട് പോലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റോഡിൽ ബഹളമുണ്ടാക്കിയതിന് എറണാകുളം നോർത്ത് പോലീസും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് എറണാകുളം സെൻട്രൽ പോലീസുമാണ് കേസെടുത്തിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Accused Muhammad Iqbal bit police driver Ajith Paul's hand during a medical examination at Ernakulam General Hospital., The suspect was initially detained by Ernakulam North police for creating a nuisance near the railway overbridge., Blood samples have been sent for expert testing to check for substance abuse., Cases have been registered at two police stations for public nuisance and obstructing official duty.