സർപ്രൈസായി കഴുത്തിൽ ടാറ്റൂ, വിവാഹത്തിന് 28 ജോഡി വസ്ത്രം, 15 സ്വർണാഭരണങ്ങൾ; പക്ഷേ, കേതനെ കാത്തിരുന്നത് ദാരുണമരണം

പുണെ: പുണെയിലെ പ്രമുഖ വ്യാപാരി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. കേതൻ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ്, ഭാവിവധു സിയ ഗോയലിന് ജന്മദിന സമ്മാനമായി കേതൻ തന്റെ ശരീരത്തിൽ സിയയുടെ പേര് ടാറ്റൂ ചെയ്തിരുന്നുവെന്ന് പിതാവ് വിശാൽ അഗർവാൾ വ്യക്തമാക്കി.
സിയയുടെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ തങ്ങൾക്ക് യാതൊരുവിധ സംശയവും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു. "വിവാഹനിശ്ചയത്തിന് സിയയ്ക്കായി 28 വസ്ത്രങ്ങളും 15 സെറ്റ് സ്വർണാഭരണങ്ങളും ഞങ്ങൾ വാങ്ങി നൽകിയിരുന്നു. ജൂൺ 19-ന് മഹാബലേശ്വറിൽ സിയയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാനും കേതൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് അവളുടെ പേര് ടാറ്റൂ ചെയ്തത്," കേതന്റെ പിതാവ് കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ജൂൺ 18-നാണ് പുണെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിലെ മലയിടുക്കിൽനിന്ന് വീണ് കേതൻ അഗർവാൾ മരിച്ചത്. തുടക്കത്തിൽ ഇതൊരു അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെങ്കിലും, വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സിയ ഗോയലും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി കേതനെ വിശ്വസിപ്പിച്ച് ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ സിയയെയും കാമുകൻ ചേതനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Ketan Agarwal got a tattoo of his fiancée Siya Goyal's name just days before his murder., Ketan's body was found at the Lohagad Fort gorge near Pune on June 18., Police chargesheet reveals Siya Goyal and her lover Chetan Choudhary conspired to push Ketan off the cliff., The accused used a fake Instagram account to lure Ketan to the fort before the murder.