ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: റിപ്പോർട്ടായില്ല, സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

ഗോവിന്ദച്ചാമി | ഫോട്ടോ: മാതൃഭൂമി
ഗോവിന്ദച്ചാമി | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെ തുടർന്ന് നടപടിക്ക്‌ വിധേയരായ നാല് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു. ജയിൽച്ചാട്ടം അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന് റിപ്പോർട്ട് നൽകാൻ അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും ജയിൽ‌ച്ചാട്ടത്തെക്കുറിച്ച് ഇപ്പോഴും ഇരുട്ടിൽത്തപ്പുകയാണ്. ടൗൺ പോലീസ് തുടങ്ങിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമിയുടെ മൊഴി ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പരോളും നല്ല ഭക്ഷണവുമില്ലെന്നതാണ് ജയിൽച്ചാട്ടത്തിന് കാരണമായി ഗോവിന്ദച്ചാമി പറഞ്ഞത്.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നും ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചസംഭവിച്ചിട്ടുണ്ടെന്നും ജയിൽ ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്. റിപ്പോർട്ട് നൽകാൻ സർക്കാർ മൂന്ന് മാസമാണ് അനുവദിച്ചതെങ്കിലും എല്ലാ സെൻട്രൽ ജയിലിലും പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ സമയം ആവശ്യമാണെന്നും ആറുമാസം അനുവദിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സമയം നീട്ടിനൽകിയെങ്കിലും ആറരമാസം പിന്നിട്ടിട്ടും റിപ്പോർട്ട് നൽകാൻ സാധിച്ചില്ല. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷിക്കുന്നത്. ജൂലായ്-24ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.

സസ്പെൻഷൻ പിൻവലിച്ചു; സ്ഥലംമാറ്റി

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന നാല് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ, നൈറ്റ് ഓഫീസർ റിജോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. കോഴിക്കോട് ജില്ലാ ജയിലിലേക്കും തവന്നൂർ സെൻട്രൽ ജയിലിലേക്കും ഇവരെ സ്ഥലംമാറ്റി. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം ഏതാണ്ട് നിലച്ചു. തുടർനടപടികളോ ജയിലിൽ പ്രത്യേക പരിശോധനയോ നടക്കുന്നില്ല.

Content Highlights: govindachamy prison escape kannur