സൈബർ തട്ടിപ്പിനായി റിക്രൂട്ട്‌മെന്റ്; കംബോഡിയയ്ക്ക് പോയ മലയാളികളുടെ വിവരം ശേഖരിക്കാൻ പോലീസ്

കൊച്ചി: സൈബർ തട്ടിപ്പുകളിൽ കംബോഡിയൻ ബന്ധം വർധിച്ച സാഹചര്യത്തിൽ ഏതാനും നാളുകൾക്കിടെ അവിടേയ്ക്ക് പോയ മലയാളികളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തിനകത്ത്, പ്രത്യേകിച്ച് കേരളത്തിൽ നടന്ന തട്ടിപ്പുകൾക്ക് പിന്നിലുള്ളത് കംബോഡിയൻ സൈബർ തട്ടിപ്പ് സംഘങ്ങളാണ്. കേരളത്തിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും അവിടെയുള്ള കമ്പനികളുടെ ഏജന്റുമാരുമാണ്.
ഇൗ സാഹചര്യത്തിൽ അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ ശൃംഖലയുമായി ബന്ധമുള്ള റിക്രൂട്ടർമാർ, ഓപ്പറേറ്റർമാർ, ഏജന്റുമാർ എന്നിവരെ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതിലൂടെ കംബോഡിയയിലേക്ക് പോയവരിൽ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപെട്ടുപോയവരെയും സഹായം ആവശ്യമുള്ളവരെയും കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. വിവരങ്ങൾക്കായി കേന്ദ്ര ഏജൻസികളുടെ സഹായവും തേടുന്നുണ്ട്.
അടുത്തയിടെ കൊച്ചി സിറ്റി പോലീസ് പിടികൂടിയ റാക്കറ്റ് ഏതാണ്ട് 150- ലധികം മലയാളി യുവതീ-യുവാക്കളെ കംബോഡിയയിൽ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടത്തിയിരുന്നു. അതിൽ കുറേയാളുകൾ കംബോഡിയയിലെത്തിയിട്ടുണ്ട്.
തട്ടിപ്പ് നടത്തുന്ന ചൈനീസ് നിയന്ത്രണത്തിലുള്ള കമ്പനികളിൽ നിരവധി മലയാളികളും തെക്കേ ഇന്ത്യയിൽ നിന്നുള്ള യുവതീ-യുവാക്കളും പങ്കാളികളാണെന്നാണ് പിടിയിലായവരിൽ നിന്ന് ലഭിക്കുന്ന വിവരം. അവിടെയെത്തി കഴിവ് തെളിയിക്കുന്നവർ ജോലിക്കൊപ്പം റിക്രൂട്ട്‌മെന്റ് നടത്തി വീണ്ടും ആളുകളെ കംബോഡിയയിലെത്തിക്കും.
തട്ടിപ്പിൽനിന്ന് ലഭിക്കുന്നതിന് പുറമേ റിക്രൂട്ട്മെന്റിന് കമ്മിഷനും ലഭിക്കും. എന്നാൽ പകുതിയോളം പേർ കംബോഡിയയിലേക്ക് കടക്കാനാകാതെ പോലീസിന്റെ പിടിയിലകപ്പെടുന്നുണ്ട്. ഇവരെ പിന്നീട് നാടുകടത്തുകയാണ് ചെയ്യുന്നത്. മെച്ചപ്പെട്ട ശമ്പളത്തിൽ വിദേശ ജോലി ലഭിച്ചെന്ന് പ്രചരിപ്പിച്ചാണ് യുവാക്കൾ രാജ്യം വിടുന്നതെങ്കിലും ചെന്നെത്തുന്നത് ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിലാണ്.
കംബോഡിയൻ തട്ടിപ്പ് സംഘങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവർ നാടുമായി ബന്ധം പുലർത്തുന്നുണ്ടെങ്കിലും ഭീഷണിമൂലം ജോലിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താറില്ല. ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ പോലും, വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സൈബർ തട്ടിപ്പ് കമ്പനികൾ ഭീഷണിപ്പെടുത്താറുമുണ്ട്.
Content Highlights: Police are collecting data on individuals who traveled to Cambodia in the last two years., Chinese-controlled companies are using Malayali agents to recruit youth for cyber scams., Over 150 Malayalis were identified as being recruited by a single racket in Kochi., Victims are lured by false promises of high-paying overseas jobs., Central agencies are assisting in the investigation to rescue trapped individuals.