പിടിവള്ളിയായത് ഡിഎൻഎ ഫലം, ജെയ്നമ്മയുടെ ഫോൺ ലൊക്കേഷനും തുമ്പായി; ഒന്നും സമ്മതിക്കാതെ സെബാസ്റ്റ്യൻ

സെബാസ്റ്റിയന്‍, ജെയ്‌നമ്മ
സെബാസ്റ്റിയന്‍, ജെയ്‌നമ്മ

ചേർത്തല: ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയെ ദുരൂഹമായി കാണാതായ കേസിൽ കൊലക്കുറ്റത്തിന്‌ റിമാൻഡിലുള്ള പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനു കുരുക്കു മുറുകുന്നു. സെബാസ്റ്റ്യന്റെ വീട്ടിൽ പലയിടങ്ങളിലായി കണ്ടെത്തിയ രക്തക്കറകൾ ജെയ്‌നമ്മയുടേതാണെന്ന ആദ്യ ഡിഎൻഎ ഫലം അന്വേഷണസംഘത്തിനു പിടിവള്ളിയായി.

ജെയ്‌നമ്മയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ഇവർ അവസാനമായി സെബാസ്റ്റ്യനൊപ്പമായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതു രണ്ടും കേസിൽ നിർണായകമാകും. ജെയ്‌നമ്മയുടെ സ്വർണം പണയവെച്ചതും വാച്ചിന്റെയും പഴ്‌സിന്റെയും ഭാഗങ്ങൾ കണ്ടെത്തിയതും കേസിൽ നിർണായകമാകും. ഏതാനും സാക്ഷിമൊഴികളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.

ജെയ്‌നമ്മ കൊല്ലപ്പെട്ടെന്ന നിഗമനത്തിലെത്തുമ്പോഴും മൃതദേഹം കണ്ടെത്താനാകാത്തതും ചോദ്യംചെയ്യലുകളിൽ സെബാസ്റ്റ്യൻ എല്ലാം നിഷേധിക്കുന്നതും വെല്ലുവിളിയായിരുന്നു. ജൂലായ് 28-ന് അറസ്റ്റുചെയ്ത് 29 മുതൽ റിമാൻഡിലായ സെബാസ്റ്റ്യനെ 14 ദിവസം കസ്റ്റഡിയിൽ തെളിവെടുപ്പിനായി കിട്ടിയ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ നിയമതടസ്സമുണ്ട്. അതിനാൽ പ്രതിയുടെ വീട്ടുവളപ്പിൽനിന്നു ലഭിച്ച ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ ഫലം എത്തിയശേഷം മറ്റു മാർഗങ്ങളിലൂടെ കസ്റ്റഡിസാധ്യത തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നിലവിൽ 26 വരെയാണ് ഇയാളുടെ റിമാൻഡ് കാലാവധി.

ഇതുവരെ പ്രതിക്കായി ജാമ്യാപേക്ഷകളൊന്നും കേസ് പരിഗണിക്കുന്ന ഏറ്റുമാനൂർ കോടതിയിൽ നൽകിയിട്ടില്ല. വീട്ടിൽനിന്ന്‌ ജെയ്‌നമ്മയുടെ രക്തക്കറകളും കണ്ട സാഹചര്യത്തിൽ ഉടനടി ജാമ്യംലഭിക്കാനുള്ള സാധ്യതയും വിരളമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.

2024 ഡിസംബർ 23 മുതൽ ജെയ്‌നമ്മയെ ഏറ്റുമാനൂരിൽനിന്നു കാണാതായതായാണു പരാതി. ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭൻ തിരോധാനക്കേസിൽ സെബാസ്റ്റ്യനെതിരേ കേസെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പംതന്നെ ചേർത്തല സ്വദേശിനി ഹയറുമ്മ(ഐഷ)യെ കാണാതായ കേസിൽ ചേർത്തല പോലീസ് പുനരന്വേഷണം നടത്തുന്നുണ്ട്. ഇതിലും സെബാസ്റ്റ്യനെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും ഇയാൾക്കെതിരേ കേസെടുത്തിട്ടില്ല.

Content Highlights: DNA Evidence Strengthens Case Against Suspect in Jainamma Disappearance