മോൻസൺ കേസിൽ ബന്ധം; ഐ.ജി.ക്ക് സ്ഥാനക്കയറ്റം, സി.ഐ.ക്ക് ഇല്ല, വിവേചനമെന്ന് ഹൈക്കോടതി

കൊച്ചി: മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടറുടെ സ്ഥാനക്കയറ്റം തടഞ്ഞതിൽ ഇടപെട്ട് ഹൈക്കോടതി. ഇൻക്രിമെന്റ് തടഞ്ഞതിന്റെപേരിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്നത് തെറ്റാണെന്നുപറഞ്ഞ കോടതി, ഇക്കാര്യത്തിൽ ഉചിത തീരുമാനം എടുത്തില്ലെങ്കിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം വെള്ളിയാഴ്ച ഹാജരാകണമെന്നും ഉത്തരവിട്ടു.
ചേർത്തല സി.ഐയായിരുന്ന പി. ശ്രീകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. മോൻസൺ കേസിൽ പ്രതിയായിരുന്ന ഐ.ജി. ഗുഗുലോത്ത് ലക്ഷ്മണന് എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകിയത് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം നൽകുന്നതിൽ പ്രഥമദൃഷ്ട്യാ വിവേചനമുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തെ ഇൻക്രിമെന്റ് തടഞ്ഞതും മാവേലിക്കര പോലീസ് സ്റ്റേഷനിലെ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ഒരു വർഷത്തെ ഇൻക്രിമെന്റ് തടഞ്ഞതും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് സ്ഥാനക്കയറ്റം നിഷേധിച്ചത്. ഇവ ചെറിയ ശിക്ഷകൾ മാത്രമാണെന്നും സ്ഥാനക്കയറ്റത്തിന് തടസ്സമാകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥാനക്കയറ്റം പരിഗണിക്കാൻ ജൂൺ 23-ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പാലിച്ചിട്ടില്ലെന്നു കാണിച്ചായിരുന്നു ഹർജി.
Content Highlights: High Court questions denying circle inspector promotion over minor penalties, Warns Additional Chief Secretary to appear in court if no proper decision is taken, Notes prima facie discrimination in promotions compared to other accused officers, Directs review of the promotion plea previously ordered by the court