നാട്ടിൽ കിടക്ക കച്ചവടക്കാരൻ, കേരളത്തിൽ കഞ്ചാവ്‌ വില്പന; ബംഗാളിലെത്തി പൊക്കി റെയിൽവേ പോലീസ്

#ന്യൂസ് ഡെസ്ക്
സെമീൻ ഷേഖ്
സെമീൻ ഷേഖ്

പാലക്കാട്: തീവണ്ടിമാർഗം കഞ്ചാവുൾപ്പെടെ ലഹരിവസ്തുക്കൾ കേരളത്തിലെത്തിക്കുന്നതിന് നേതൃത്വം നൽകുന്നയാളെ പശ്ചിമബംഗാളിലെ ബർധമാൻ ജില്ലയിലെ ഹമീദ്പുർ പൂർബസ്ഥലിയിൽനിന്ന് പാലക്കാട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റെയിൽവേസ്റ്റേഷനിൽ നിന്ന് 22.40 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ സമീൻ ഷേഖിനെയാണ്‌ (27) റെയിൽവേ പോലീസ് സംഘം പശ്ചിമബംഗാളിലെത്തി പിടികൂടിയത്. സ്വന്തംനാട്ടിൽ കിടക്കക്കമ്പനിക്കാരനായിട്ടാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

സെപ്റ്റംബർ 19-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽനിന്ന് പശ്ചിമബംഗാൾ സ്വദേശികളായ അസിം ഷേഖ് (23), സാഹിദുൽ മല്ലിക്ക് (28) എന്നിവർ കഞ്ചാവുമായി പിടിയിലായിരുന്നു. മറ്റൊരുകേസിൽ കോഴിക്കോട്ടുനിന്ന് മസൂദ് ഷേഖിനെയും (28) പോലീസ് വലയിലാക്കി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സമീൻ ഷേഖാണ് സംഘത്തലവനെന്ന വിവരം പോലീസിന് ലഭിക്കുന്നത്.

കേരള റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇൻസ്പെക്ടർ എ. പ്രതാപിന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിൽനിന്നുള്ള എ.എസ്.ഐ. വി.എം. ഷക്കീർ, സീനിയർ സി.പി.ഒ. വി. രാമൻ, സി.പി.ഒ. കെ. സിജു, ആർ.പി.എഫ്. സി.പി.ഡി.എസ്. കോൺസ്റ്റബിൾ അബ്ദുൽസത്താർ എന്നിവരടങ്ങുന്ന സംഘം പശ്ചിമബംഗാളിലേക്ക് തിരിച്ചു. ദിവസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തി പിന്തുടർന്ന സംഘം പൂർവ ബർധമാൻ ജില്ലയിലെ പൂർബസ്ഥലി എന്ന സ്ഥലത്തുള്ള സമീൻ ഷേഖിന്റെ ഒളിത്താവളവും വീടും കൃത്യമായി മനസ്സിലാക്കി. അക്രമകാരികളായ ചില ഗ്രാമവാസികളുടെ കാവലിൽ ക്കഴിഞ്ഞിരുന്ന ഇയാളെ അർധരാത്രി താവളംവളഞ്ഞാണ് കീഴ്‌പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

12 വർഷം മുൻപ് കെട്ടിടനിർമാണജോലിക്കായി കേരളത്തിലെത്തി മാഹിയിലും തലശ്ശേരിയിലും താമസിച്ചിരുന്നയാളാണ് സമീൻ ഷേഖ്. മലപ്പുറം വാഴക്കാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ മുൻപും കേസുണ്ടായിരുന്നു.

Content Highlights: Mastermind Sameen Sheikh arrested in West Bengal by Palakkad Railway Police., 22.40 kg of ganja was previously seized at Palakkad railway station.