സി.ബി.ഐ. എന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മയ്ക്ക് 16 ലക്ഷം നഷ്ടമായി

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

കഴക്കൂട്ടം: സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ ലിസി സാമുവലി(67)ന്റെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മേയ് 18-നാണ് ലിസി സാമുവലിന് തട്ടിപ്പുകാരുടെ വാട്‌സാപ്പ് കോൾ വരുന്നത്. ആധാർ കാർഡ് ദുരുപയോഗം ചെയ്ത് മുംബൈയിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് ലിസിയെ വിശ്വസിപ്പിക്കുന്നതിനായി മുംബൈ നോട്ടറി പബ്ലിക്കിന്റേതെന്ന വ്യാജേന തയ്യാറാക്കിയ ഔദ്യോഗിക രേഖകളും പ്രതികൾ അയച്ചു.

തുടർന്ന് പ്രതികൾ ചോദിച്ചതിനനുസരിച്ച്‌ ബാങ്ക് വിവരങ്ങളും ലിസി നൽകി. വിവരങ്ങൾ കൈക്കലാക്കിയശേഷം ഇവർ കോൾ കട്ട് ചെയ്തു പോയി. ഭയന്നുപോയ പരാതിക്കാരിയിൽനിന്ന് മേയ് 19 മുതൽ ജൂൺ ആറുവരെയുള്ള തീയതികളിൽ ഒൻപത് തവണയായി ആകെ 16,36,999 രൂപ പ്രതികൾ തട്ടിയെടുത്തു. തട്ടിപ്പുകാർ നൽകിയ വിവിധ യു.പി.ഐ. ഐഡികളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കുമാണ് പണം കൈമാറിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ വീട്ടമ്മ സൈബർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Content Highlights: Victim lost 16,36,999 INR via UPI and bank transfers., Fraudsters used fake CBI and Notary Public documents., The scam occurred between May 18 and June 6, 2026., Police investigation is currently underway.