സര്‍വീസ് സ്‌റ്റേഷന്‍ വളപ്പിലെ ആഴമേറിയ കുഴിയില്‍ അജ്ഞാത മൃതദേഹം; സംഭവം കാസര്‍കോട് പെരിയയിൽ

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം | Screengrab: Mathrubhumi News
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം | Screengrab: Mathrubhumi News

കാസര്‍കോട്: പെരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ വളപ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹര്‍ നവോദയ സ്‌കൂളിന് സമീപം നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ വളപ്പിലുള്ള ആഴമേറിയ കുഴിയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 

സ്ഥലത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പോലീസിനെ വിവരമറിയിച്ചോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസെത്തി നടത്തിയ പരിശോധനയിലാണ് സര്‍വീസ് സ്‌റ്റേഷനുവേണ്ടി നിര്‍മിച്ച ആഴമേറിയ കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൃതദേഹം കുഴിയില്‍നിന്ന് പുറത്തെടുക്കാനായി അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയ്ക്കായി വിരലടയാള, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ട്. 

മരിച്ചയാളെ തിരിച്ചറിയാനായുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മറുനാടന്‍ തൊഴിലാളികള്‍ ഇതിന് സമീപത്തായി താമസിച്ചിരുന്നു. ഇവര്‍ക്കിടയില്‍ കഴിഞ്ഞദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അതിനിടെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവായി ചില വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. 

Content Highlights: A dead body was discovered in a pit at a service station under construction near Periya in Kasaragod