കാസർകോട് MDMA കേസ്; 2 മാസത്തിനിടെ നടന്നത് 49 ലക്ഷത്തിന്റെ ഇടപാട്,പണം പോയത് റിയയുടെ അക്കൗണ്ടിലേക്ക്

കാസർകോട്: കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പ്രതികളുടെ അക്കൗണ്ടുകളിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി.
ഈ തുക മുഴുവൻ ബെംഗളൂരുവിൽ താമസിക്കുന്ന റിയ എന്ന മലയാളി യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അയച്ചിരിക്കുന്നത്. പല തരത്തിലുള്ള ഇടനിലക്കാരെ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റം നടന്നത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം നൈജീരിയൻ ലഹരി മാഫിയയിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന സമയത്ത് റിയയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ബംഗളൂരുവും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി ശൃംഖലയുടെ ഭാഗമാണ് പിടിയിലായ പെരുമ്പാവൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടക്കമുള്ളവരെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായ ലഹരി സംഘത്തിലെ പലർക്കും മാഫിയയുമായി നേരിട്ട് ബന്ധമുള്ളപ്പോൾ, ചിലർ സാമ്പത്തിക ഇടപാടുകൾക്ക് മാത്രമാണ് സഹായിക്കുന്നതെന്നും പോലീസ് സൂചിപ്പിച്ചു.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സ്റ്റേറ്റ്മെന്റുകളും കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ചന്തേര പോലീസിന്റെ തീരുമാനം. ഈ ലഹരിക്കേസ് രാഷ്ട്രീയമായും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഈ വിഷയത്തിൽ പ്രതിപക്ഷം ഉയർത്തുന്നത്.
Content Highlights: Police uncovered Rs 49 lakhs in transactions over the last two months linked to the MDMA case., Funds were transferred to two bank accounts belonging to a Malayali woman named Riya in Bengaluru., Accused includes a Youth Congress worker from Perumbavoor connected to a Nigerian drug mafia., Chandera police are expanding the financial investigation into the wider drug network.