വിവാഹമോചനം വേഗത്തിലാക്കാൻ പൂജ; യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കാസർകോട് സൈബർക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റാണ് കാസർകോട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കൊല്ലം തെന്മലയിൽവെച്ചാണ് ഇയാളെ പിടിച്ചത്.
2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ടുവരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പ്രതി, ഫോണിലും വാട്‌സാപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് വിശ്വാസം പിടിച്ചുപറ്റി.
തുടർന്ന് വിവാഹമോചന നടപടികൾ ഹൈക്കോടതിവഴി എളുപ്പത്തിൽ തീർപ്പാക്കാമെന്നും നിലവിലുള്ള ജീവിതപ്രശ്നങ്ങൾക്ക് പ്രത്യേക പൂജകൾ നടത്തിയാൽ പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചു. ഇത് മുഖവിലയ്ക്കെടുത്ത യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലപ്പോഴായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.
കാസർകോട് സൈബർ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തെന്മലയിൽ പ്രതി കുടുങ്ങിയത്. സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
കാസർകോട് സൈബർക്രൈം പോലീസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന പി. നളിനാക്ഷന്റെ നേതൃത്വത്തിൽ എസ്.ഐ. സവ്യസാചി, എ.എസ്.ഐ.മാരായ പി.കെ.രഞ്ജിത്ത് കുമാർ, എം.ദിലീഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സവാദ് അഷ്‌റഫ്, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചത്.
Content Highlights: Kasaragod Cyber Crime police arrested Antony Vincent from Thenmala, Kollam., The accused defrauded a woman of over 13 lakh rupees between September 2025 and January 2026., Promised speedy High Court divorce and special rituals to solve personal problems., Met the victim via Facebook and gained trust through WhatsApp calls.